സർവീസ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsകൊട്ടിയം മൈലക്കാട് ദേശീയപാതയിൽ തകർന്ന സർവീസ് റോഡ് വഴി ഗതാഗതം പുനസ്ഥാപിച്ചപ്പോൾ
കൊട്ടിയം: ദേശീയപാതയിൽ മൈലക്കാട്ട് ഉയരപ്പാതയോടൊപ്പം തകർന്ന സർവീസ് റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മിച്ച് വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. തിങ്കളാഴ്ച രാവിലെയാണ് റോഡ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. ഇരുവശങ്ങളിലും ഡിവൈഡർ സ്ഥാപിച്ച ശേഷം സർവീസ് റോഡ് പുനർനിർമ്മിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് മൈലക്കാട്ട് ഉയരപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് റോഡും സർവീസ് റോഡും തകർന്നത്.
തകർന്ന സർവീസ് റോഡിൽ സ്കൂൾ ബസ്സും കാറുകളും കുടുങ്ങിയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു. സർവീസ് റോഡ് പുനർ നിർമ്മിക്കുവാൻ കലക്ടർ അടിയന്തരം നിർദേശം നൽകിയതോടെയാണ് തിങ്കളാഴ്ച റോഡ് പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കിയത്. സർവീസ് റോഡ് പുനർനിർമിച്ചെങ്കിലും ഇവിടെ എങ്ങനെയാണ് പ്രധാനപാത തുടർന്ന് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു വിവരവും അധികൃതർ പങ്കുവക്കുന്നില്ല.
ചതുപ്പ് പ്രദേശത്ത് പാരിസ്ഥിതിക പഠനങ്ങൾ ഇല്ലാതെ മണ്ണിട്ട് ഉയർത്തിയതാണ് റോഡ് തകരാൻ കാരണമെന്നാണ് സ്ഥലം സന്ദർശിച്ച വിദഗ്ധരും അധികൃതരും അഭിപ്രായപ്പെട്ടത്. ഇവിടെ തൂണുകളിൽ മേൽപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഐ.ഐ.ടിയുടെ റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ ഇതേക്കുറിച്ച് വ്യക്തത വരുകയുള്ളൂ. ഉയരപ്പാത തകർന്ന സ്ഥലത്ത് മുകളിലോട്ടുള്ള മണ്ണുകൾ നീക്കി നിരപ്പാക്കുന്ന ജോലി ഇപ്പോഴും നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

