സംഘർഷം തടയാനെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ
text_fieldsസുമേഷ്, ഷിബു, അജിത് കുമാർ
കൊട്ടിയം: പുതുച്ചിറയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നുപേർ കൊട്ടിയം പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ 31ന് രാത്രി 07.30ന് കൊട്ടിയം പുതുച്ചിറയിലുള്ള സുമേഷിനെ മൂന്നുപേർ ചേർന്ന് ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന പുതുച്ചിറ സത്യന്റെ വക ലൈൻ മുറിയിൽ താമസിക്കുന്ന ഷാജഹാനെ (43) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പുതുച്ചിറ അനിതാ വിലാസത്തിൽ അജിത് കുമാർ (40), ഉമയനല്ലൂർ പേരയം സുമേഷ് ഭവനിൽ സുമേഷ് (32), ഉമയനല്ലൂർ പേരയം തൊടിയിൽ വീട്ടിൽ ഷിബു (50) എന്നിവരാണ് പിടിയിലായത്.
സുമേഷിനെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ മൂവരും ചേർന്ന് ഷാജഹാനെ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും കത്താൾകൊണ്ട് തലക്കും നെറ്റിയിലും വെട്ടുകയും ചെയ്തു.
തടയാനുള്ള ശ്രമത്തിൽ ഷാജഹാന്റെ കൈക്ക് ഗുരുതര പരിക്കേറ്റിരുന്നു. പ്രതികൾ ജനലുകളും പാത്രങ്ങളും അടിച്ചു നശിപ്പിക്കുകയും ചെയ്തു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദേശാനുസരണം കൊട്ടിയം എസ്.എച്ച്.ഒ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, റെനോക്സ്, ജി.എസ്.ഐ ഗിരീഷ്, സി.പി.ഒമാരായ പ്രവീൺ ചന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവർ ആണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.