Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകൊട്ടിയം മൺമതിൽ...

കൊട്ടിയം മൺമതിൽ അപകടാവസ്ഥയിലെന്ന് പൊലീസ് റിപ്പോർട്ട്

text_fields
bookmark_border
കൊട്ടിയം മൺമതിൽ അപകടാവസ്ഥയിലെന്ന് പൊലീസ് റിപ്പോർട്ട്
cancel
camera_alt

കൊട്ടിയം എസ്.എച്ച്.ഒയിൽനിന്ന് ലഭിച്ച

വിവരാവകാശരേഖ

കൊട്ടിയം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സമരസമിതി പ്രവർത്തകൻ അഖീൽ മേത്തർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) കലക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണെന്ന് പൊലീസ് കലക്ടറെ അറിയിച്ചു.

കൊട്ടിയം പട്ടരുമുക്ക് കാർ ഷോറൂമിന് മുന്നിലും, കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും, കനത്ത മഴ പെയ്യുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവിസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

ബ്രദേഴ്‌സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതക്കും സുരക്ഷ വീഴ്ചക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും, കൊട്ടിയം എച്ച്.പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു.

മൈലക്കാട് നിർമാണത്തിലിരുന്ന മൺമതിൽ തകർന്നതിനെത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷനും ജിയോളജിസ്റ്റും ചേർന്ന് സമർപ്പിച്ച റിപ്പോർട്ടുകൾ പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, ഈ അപകടസാധ്യതകൾ പരിഗണിക്കാതെ നിർമാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ ജനരോഷം ശക്തമാണ്.

മൺമതിലിനെതിരെ 63 ദിവസമായി കൊട്ടിയത്ത് നടന്നുവരുന്ന ജനകീയ സമരത്തിന് ഈ പൊലീസ് റിപ്പോർട്ട് പുതിയ ഊർജം നൽകിയിരിക്കുകയാണ്. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പൊലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷനൽ ഹൈവേ അധികൃതർ ഈ വിഷയത്തിൽ ഇടപെടാത്തത് രാഷ്ട്രീയ താൽപര്യം മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് സംശയിക്കുന്നതായും ഇത് അനീതിയാണെന്നും, വേനൽമഴയിൽ സർവിസ് റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിയതും ജനങ്ങൾ മതിൽ തകരുമെന്ന ഭീതിയിൽ വഴിമാറി സഞ്ചരിച്ചതും പൊലീസിന്‍റെ മുന്നറിയിപ്പിനെ ശരിവെക്കുന്നതാണെന്നും കൊട്ടിയം സമരസമിതി വക്താക്കൾ പറഞ്ഞു. നിലവിലെ അവസ്ഥയിൽ കൊട്ടിയം പ്രദേശത്ത് പൂർണമായും വയഡക്ട് അല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്നും സമര സമിതി ചൂണ്ടിക്കാണിച്ചു.

പൊതുമരാമത്ത് വകുപ്പും കൊല്ലം മൈനിങ് ആൻഡ് ജിയോളജി വകുപ്പും ഗ്രൗണ്ട് വാട്ടർ അതോറിറ്റി എന്നിവർ ചേർന്നു നടത്തിയ പഠനവും പൊലീസും ഒരേപോലെ സുരക്ഷ ഭീഷണി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ, അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. നേരത്തെ ഉന്നയിച്ച കേന്ദ്ര നയപരമായ മാറ്റങ്ങളും, പി.ഡബ്ല്യു.ഡി റിപ്പോർട്ടിലെ ‘സാമൂഹിക പരിഗണനകളും’ നിലനിൽക്കെ, കലക്ടർക്ക് ലഭിച്ച ഈ പോലീസ് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ എത്തിച്ച് അടിയന്തര പരിഹാരം തേടാനാണ് സമരസമിതിയുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് കൊട്ടിയം സംയുക്ത സമരസമിതി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wallPolice reportdangerous condition
News Summary - Police report that the Kottiyam earthen wall is in a dangerous condition
Next Story