ക്വിറ്റ് കോസ് നശിക്കുന്നു: മന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് ജനം
text_fieldsക്വിറ്റ് കോസ് വളപ്പ് കാടുകയറി ശോച്യാവസ്ഥയിലായ നിലയിൽ
കൊട്ടിയം: സാംസ്കാരിക മന്ത്രിയുടെ മണ്ഡലത്തിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ മൈലാപ്പൂരിലെ പൊതുമേഖല സ്ഥാപനമായ ക്വിറ്റ് കോസ് അടച്ചുപൂട്ടൽ ഭീഷണിയിൽ. ഏക്കറുകൾ വരുന്ന കമ്പനിവളപ്പ് കാടുകയറി ഇഴജന്തുക്കളുടെ താവളമായി. മൂന്നുപതിറ്റാണ്ടു മുമ്പുവരെ സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ മുൻപന്തിയിലായിരുന്നു ക്വിറ്റ് കോസ്. ഒരു പ്രദേശത്തുകാർ വാച്ചുനോക്കാതെ സമയം അറിഞ്ഞിരുന്നത് ക്വിറ്റ് കോസിലെ സൈറൺ കേട്ടാണ്. 1971ൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1975ൽ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് ഉദ്ഘാടനം ചെയ്തത്.
തൊഴിൽരഹിതരായ എഞ്ചിനീയർമാർക്കും എഞ്ചിനീയറിങ് ടെക്‌നീഷ്യന്മാർക്കും തൊഴിൽ ലഭിക്കുന്നതിനുവേണ്ടി കേരള ഗവൺമെൻറിന്റെ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സസ് ഡിപ്പാർട്മെൻറിന്റെ മേൽനോട്ടത്തിലാണ് സ്ഥാപനം ആരംഭിച്ചത്. എച്ച്.എം.ടിയുടെ സാങ്കേതിക സഹകരണത്തോടെ ലെയ്ത്ത് മെഷീനുകൾ ഉൽപാദിപ്പിച്ച് വിതരണം നടത്തുകയായിരുന്നു ചെയ്തിരുന്നത്.
ജില്ലയിൽ വളരെ ലാഭകരമായി പ്രവർത്തിച്ചിരുന്ന വ്യവസായസ്ഥാപനമായിരുന്നു ക്വിറ്റ് കോസ്. കമ്പനിയുടെ ആരംഭ കാലഘട്ടത്തിൽ മെഷീനുകൾ ഉൽപാദിപ്പിച്ച് എച്ച്.എം.ടി വഴിയാണ് മാർക്കറ്റിങ് നടത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് എച്ച്.എം.ടി. സി.എൻ.സി മെഷീനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്വറ്റ്‌കോസ് ഉൽപാദിപ്പിച്ചിരുന്ന മെഷീനുകളുടെ മാർക്കറ്റിങ് അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ കമ്പനി നഷ്ടത്തിലാകുകയും ബാധ്യത കൂടുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ 1995ൽ കമ്പനി പ്രവർത്തനരഹിതമായി.
1999ൽ കമ്പനി വീണ്ടും പുനരാരംഭിക്കുകയും സ്വന്തമായി മാർക്കറ്റിങ് ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാലയളവിൽ ലാഭകരമായി പ്രവർത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബാധ്യതകളുടെ റവന്യൂ റിക്കവറികളും മറ്റും കാരണം കമ്പനി വീണ്ടും പ്രവർത്തരഹിതമായി. 2012ൽ കമ്പനി വീണ്ടും പുനരാരംഭിക്കുകയും കാര്യക്ഷമവും ദീർഘവീക്ഷണവുമുള്ള നടപടികളെതുടർന്ന് വൈദ്യുതി ബില്ലുകൾ പോലും കുടിശ്ശികയായ അവസ്ഥയിൽ നിന്ന് സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും ദൈനംദിനകാര്യങ്ങളും നടത്തിക്കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്‌തത മൂലം കമ്പനിയുടെ ഉൽപാദനം വർധിപ്പിക്കാനാവാതെ വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. ടെക്‌നിക്കൽ ഡയറക്‌ടറേറ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെഷീനുകൾ ഉൽപാദിപ്പിച്ച് വിപണനം നടത്തി വന്നിരുന്നത് ക്വിറ്റ് കോസാണ്.
കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ 40 ഓളം ജീവനക്കാരുടെ ജീവിതവും അവതാളത്തിലായി. എഞ്ചിനിയറിങ്, പോളി, ഐ.ടി.ഐ വിദ്യാർഥികൾ പഠനഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിരുന്നത് ഇവിടെയാണ്. കമ്പനിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനായി സ്ഥലം എം.എൽ.എയായ മന്ത്രിയുടെ ഇടപെടലും കാത്തിരിക്കുകയാണ് നാട്ടുകാരും ജീവനക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

