ദേശീയപാത വികസനം; ഓടക്കായി എടുത്ത കുഴികൾ അപകടക്കെണി
text_fields1. മേവറത്ത് ഓടക്കുവേണ്ടിയെടുത്ത അപകടക്കെണിയായ കുഴി 2. ഓടയിൽ വീണ് പരിക്കേറ്റ ഷാനവാസ്
കൊട്ടിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമിക്കാനെടുക്കുന്ന കുഴികൾ അപകടക്കെണിയായി മാറി. കുഴികളിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മേവറത്തിനടുത്ത് ബുധനാഴ്ച കുഴിയിൽ വീണ് വീട്ടമ്മയുൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. മേവറം നിലമ്പൂർ ഫർണിച്ചർ ഉടമ കോട്ടൂർ വീട്ടിൽ ഷാനവാസിനും (52) വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്.
റോഡരികിലൂടെ പോകുമ്പോഴാണ് ഇരുവരും മണ്ണിടിഞ്ഞ് കുഴിയിൽ പതിച്ചത്. ഷാനവാസിന് ദേഹമാസകലം പരിക്കേറ്റു. നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഓടക്ക് കുഴിയെടുത്ത് കഴിഞ്ഞാൽ നിർമാണം അനന്തമായി നീളുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
മേവറം ഭാഗത്ത് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ വഴി പോലും നൽകാത്ത സ്ഥിതിയാണുള്ളത്. വീടുകൾക്ക് മുന്നിൽ കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ പലർക്കും വീടിനകത്തേക്കോ പുറത്തേക്കോ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഓട നിർമാണത്തിനായി വലിയ താഴ്ചയിലാണ് കുഴിയെടുക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ വീക്ഷിക്കാനോ പൊതുജനങ്ങൾക്ക് പരാതി പറയാനോ എൻ.എച്ച്.എ.ഐ.യുടെ ഉദ്യോഗസ്ഥരാരും ഇല്ലാത്തതും നാട്ടുകാർക്ക് വിനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

