ദേശീയപാത; നിർത്തിവെച്ച നിർമാണം പുനരാരംഭിച്ച് കരാർ കമ്പനി, പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൊട്ടിയം പറക്കുളത്ത് ദേശീയപാതയിൽ നിലവിലെ ടാറിങ് പൊളിച്ചുമാറ്റുന്നു
കൊട്ടിയം: കൊട്ടിയം പറക്കുളത്ത് ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയിൽ വിള്ളൽ കണ്ട സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനെത്തിയ കരാർ കമ്പനി ജീവനക്കാരെ പറക്കുളം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം രൂപപ്പെടുകയും കലക്ടറും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുകയും എം.പി, എം.എൽ.എമാർ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്ത സ്ഥലത്താണ് ബുധനാഴ്ച രാവിലെ പത്തോടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്.
ഒരു മുന്നറിയിപ്പുമില്ലാതെ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ കൊട്ടിയം പൊലീസിന്‍റെ സംരക്ഷണയിൽ പുനരാരംഭിച്ചതോടെ പൊതുജനങ്ങളും സമരസമിതി അംഗങ്ങളും സംഘടിക്കുകയും സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. പിന്നീട് കൊട്ടിയം സി.ഐ പ്രദീപിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സ്ഥലത്തുനിന്ന് നീക്കിയത്. കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്കും ന്യൂ രാജസ്ഥാൻ മാർബിളിനും ഇടയിലാണ് വിള്ളൽ രൂപപ്പെട്ടത്. കൂടാതെ ഇവിടെ ആർ.ഇ വാളിൽ വിള്ളലും തള്ളലും രൂപപ്പെട്ടിരുന്നു.
ദേശീയപാത നിർമാണ പ്രവർത്തനം നാട്ടുകാർ തടയുന്നു
കലക്ടർ ജനകീയ സമരസമിതികളുമായി ആദ്യം നടത്തിയ ചർച്ചയിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ധാരണയായെങ്കിലും രണ്ടാമത് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ബുധനാഴ്ച വൈകീട്ടും ഇവിടെ പ്രദേശവാസികൾ സംഘടിച്ച് ഉയരപ്പാതയിൽ പ്രതിഷേധിക്കുകയും പറക്കുളം മുതൽ കൊട്ടിയം വരെ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മൈലക്കാട് സംഭവിച്ചതുപോലെ ഇവിടെയും റോഡ് ഇടിയുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. സംഭവം അറിഞ്ഞെത്തിയ നാഷനൽ ഹൈവേ ലെയ്സൺ ഓഫിസർ പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

