മൈലക്കാട്ട് മണ്ണ് നീക്കലും സർവീസ് റോഡ് നിർമാണവും യുദ്ധകാല അടിസ്ഥാനത്തിൽ
text_fieldsസർവീസ് റോഡിന്റെ പുനർനിർമാണം നടക്കുന്നു
കൊട്ടിയം: ദേശീയപാത നിർമാണത്തിനിടെ തകർന്ന ഉയരപ്പാതയിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നു. രാവും പകലുമില്ലാതെ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഉയരപ്പാതയോടൊപ്പം തകർന്ന സർവിസ് റോഡ് പുനർനിർമിക്കുന്ന ജോലികളും അടിയന്തരമായി നടന്നുവരികയാണ്. റോഡിൽ കോൺക്രീറ്റ് നിരത്തി ഉറപ്പിച്ച് തിങ്കളാഴ്ച രാവിലെ വാഹനങ്ങൾ കടത്തി വിടത്തക്ക രീതിയിലാണ് സർവിസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഞായറാഴ്ചയും ഇവിടെ കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരും നാഷനൽ ഹൈവേ അതോറിറ്റിയുടെ ഏതാനും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങളും മണ്ണ് നീക്കം ജോലികളും ഊർജിതമാക്കിയിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് തെന്നിമാറിയ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കുന്നുണ്ട്. ഞായറാഴ്ച തന്നെ പൈപ്പ് സ്ഥാപിക്കൽ ജോലി പൂർത്തിയാകും.
തിങ്കളാഴ്ച പുലർച്ച മുതൽ ഇതുവഴി വെള്ളം പമ്പുചെയ്യാനുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വാട്ടർ അതോറിറ്റി കൊട്ടിയം അസി. എൻജിനീയർ ശ്യാം, പുനലൂർ പനംകുറ്റി മലയിൽ വെള്ളം പമ്പുചെയ്യുന്ന സ്ഥലത്തെ അസി. എൻജിനീയർ അനൂപ്, ഓവർസീയർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പൈപ്പ് മാറ്റിസ്ഥാപിക്കുന്ന ജോലി നടക്കുന്നത്.
ചൊവ്വാഴ്ചയോടെ കൊല്ലം നഗരത്തിലും പരിസരത്തും ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോഡ് തകർന്നതിനൊപ്പം തകർന്ന കലിങ്ങിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനും കരാർ കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്. റോഡ് തകർന്ന ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്യുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.എന്നാൽ, തൂണുകളിലാണോ നിലവിൽ നിർമിച്ച പോലെയാണോ ഇവിടെ പുനർനിർമാണം നടത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചതുപ്പ് പ്രദേശമായതിനാൽ ഇവിടെ തൂണുകളിൽ മേൽപാലം നിർമിക്കാനാണ് സാധ്യത ഏറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

