കഞ്ചാവ് കച്ചവടക്കാരുടെ താവളമായി മയ്യനാട്; പിടിയിലാവുന്നത് ചെറുകിട കച്ചവടക്കാർ മാത്രം
text_fieldsകൊട്ടിയം: ലഹരി വിപണന താവളമായി മയ്യനാട് മാറിയിട്ടും നിയന്ത്രിക്കാനാവാതെ അധികൃതർ. കഞ്ചാവ് വിൽപന സംഘങ്ങളാണ് മയ്യനാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മൊത്ത, ചില്ലറ വിൽപന നടത്തുന്നത്.
മയ്യനാട് ആലുംമൂട്, കൂട്ടിക്കട, കൈതപ്പുഴ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി വ്യാപാരം തകൃതിയായിട്ടുള്ളത്. ചാത്തന്നൂരിൽ നിന്നുള്ള എക്സൈസ് സംഘം ചെറുകച്ചവടക്കാരെ പിടികൂടാറുണ്ടെങ്കിലും ഈ രംഗത്തെ വമ്പന്മാരെ പിടികൂടാൻ കഴിയുന്നില്ല. ചെറിയ അളവിലുള്ള കഞ്ചാവുമായാണ് ചെറുകച്ചവടക്കാർ പലപ്പോഴും എക്സൈസ് പിടിയിലാവുക. ഇവർക്ക് എക്സൈസ് ഓഫിസിൽ നിന്നുതന്നെ ജാമ്യം നൽകി വിട്ടയക്കാറാണ് പതിവ്.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് മൊത്തവ്യാപാരം നടത്തുന്നവർ എക്സൈസ് വലയിൽപെടാറില്ല. കഴിഞ്ഞദിവസം ഒന്നേകാൽ കിലോ കഞ്ചാവുമായി കൂട്ടിക്കട സ്വദേശിയെ എക്സൈസ് പിടികൂടിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടുകയുംചെയ്തു.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റിന് സമീപത്തുനിന്നും കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

