യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
text_fieldsകൊട്ടിയം: യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ചയാൾ പൊലീസ് പിടിയിലായി. കണ്ണനല്ലൂർ കള്ളിക്കാട് തൊടിയിൽ പുത്തൻവീട്ടിൽ ഇ. മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി അമിത പലിശക്ക് യുവതിക്ക് പണം കടം നൽകിയിരുന്നു. തവണ മുടങ്ങിയതിനെ തുടർന്ന് പണം പിരിക്കാൻ എത്തിയ ഇയാളും കൂട്ടാളിയും യുവതിയുമായി വാക്കേറ്റമുണ്ടാവുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
യുവതിയെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ പതിമൂന്നുകാരിയായ മകളെയും ഇവർ മർദിച്ചു. തുടർന്ന് കുട്ടിയുടെ മുന്നിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന് യുവതിയും മകളും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പരാതിയിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, അനൂപ്, ഫിറോസ്ഖാൻ, എസ്.സി.പി.ഒ ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.