ജലക്ഷാമം രൂക്ഷം: കനാൽ ക്ലീൻ, ഇനിയെങ്കിലും കുടിവെള്ളം കിട്ടുമോ...
text_fieldsകെ.ഐ.പി കനാൽ വൃത്തിയാക്കിയ നിലയിൽ
കൊട്ടിയം: വറ്റിവരണ്ട കിണറുകളും നൂൽവെള്ളം വരുന്ന പൈപ്പുകളും ഉണങ്ങിക്കരിഞ്ഞ കൃഷിയിടങ്ങളും ജീവിതം ദുസ്സഹമാക്കുമ്പോൾ ശുദ്ധജലത്തിനായി കാത്തിരുന്ന് വലഞ്ഞ് മയ്യനാട് പഞ്ചായത്ത് നിവാസികൾ.
ഡിസംബർ അവസാനം മുതൽ ആവശ്യമുയർത്തിയിട്ടും കെ.ഐ.പി കനാലിലൂടെയുള്ള ജലം ഇതുവരെ ലഭിക്കാത്ത പഞ്ചായത്ത് മേഖലകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കെ.ഐ.പി കനാൽ ഇതിനകം രണ്ട് തവണ തുറന്നെങ്കിലും ജില്ലയിലുടനീളം കനാലുകൾ വൃത്തിയാക്കാതിരുന്നതാണ് മയ്യനാട് ഉൾപ്പെടെ പ്രദേശങ്ങളിൽ ജലം എത്താത്തതിന് കാരണമായത്. എന്നാൽ, പഞ്ചായത്തിൽ ഇക്കഴിഞ്ഞ ആഴ്ചയിൽ കനാലുകൾ മുഴുവൻ വൃത്തിയാക്കി. ഇതേതുടർന്ന് കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുകയാണ്.
കടുത്ത വേനൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടുവിലക്കര, പുല്ലിച്ചിറ, ആലുംമൂട്, കാക്കോട്ടുമൂല, മുക്കം, ധവളക്കുഴിഭാഗങ്ങളിലെ കിണറുകൾ ഭൂരിഭാഗവും വറ്റിവരണ്ട നിലയിലാണ്. ജല അതോറിറ്റി കുടിവെള്ള കണക്ഷൻ പല വീടുകളിലും എത്തിയിട്ടുണ്ടെങ്കിലും സമയകൃത്യതയില്ലാതെ നൂലുപോലെയാണ് വെള്ളം വരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പിലായതോടെ പഞ്ചായത്ത് പ്രദേശത്തെ പമ്പ് ഹൗസുകളെല്ലാം പൂട്ടിയതും കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്.
വെള്ളത്തിനായി നെട്ടോട്ടമോടുന്ന പ്രദേശവാസികൾ ആയിരം ലിറ്ററിന് 400 രൂപ വരെ മുടക്കി വാങ്ങേണ്ട ഗതികേടിലാണ്. നിർധനർ അതിനും വഴിയില്ലാതെ ദുരിതത്തിലാണ്. ഈ കൊടുംവേനലിൽ കനാലിലൂടെ വെള്ളം തുറന്നുവിട്ടാൽ മാത്രമേ കിണറുകളിൽ വെള്ളം ലഭിക്കുകയുള്ളൂ. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കനാൽ തുറന്നുവിട്ടാണ് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കിയത്. അടിയന്തരമായി കനാൽവെള്ളം തുറന്നുവിട്ട് മയ്യനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി. ലിസ്റ്റൻ പറഞ്ഞു.