കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ അപകടക്കുഴി
text_fieldsകൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ ഭീമൻകുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നത് അപകടക്കെണിയാകുന്നു. ദേശീയപാതയിൽ ഉമയനല്ലൂർ ജുമാ മസ്ജിദിനടുത്തായാണ് വലിയ കുഴി. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനെ തുടർന്ന് വെള്ളം ഇപ്പോഴും കുഴിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
റോഡരികിലായതിനാൽ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കുഴിയുള്ള വിവരം വാഹനയാത്രക്കാർക്ക് അറിയാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനാൽ പതിനായിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്.

