മഞ്ഞപ്പിത്തം ബാധിച്ച് മരണം; കൂടുതൽ പരിശോധനക്കായി രക്തസാമ്പിളുകൾ ശേഖരിച്ചു
text_fieldsചേരീക്കോണത്ത് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
കൊട്ടിയം: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാരായ രണ്ട് പെൺകുട്ടികൾ മരണമടയുകയും സഹോദരൻ ആശുപത്രിയിൽ കഴിയുകയും ചെയ്യുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചേരിക്കോണത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കുട്ടികൾ മരണമടയാൻ കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് പരക്കെ ആരോപണം ഉയർന്നതോടെയാണ് ആരോഗ്യ അധികൃതർ ഊർജിത പ്രതിരോധ നടപടികളുമായി രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചേരിക്കോണത്തെ മഹാത്മ ലൈബ്രറിയിൽ വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്തവരിൽ സംശയം തോന്നിയവരുടെയും പനിബാധിതരുടെയും രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ചേരിക്കോണം ചിറയിൽ വീട്ടിൽ മീനാക്ഷിയുടെയും നീതുവിന്റെയും മാതാപിതാക്കളായ മുരളീധരന്റെയും ശ്രീജയുടെയും മുരളീധരന്റെ മാതാവിന്റെയും രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു.
ഇത് പരിശോധനക്കായി അയച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന ഏതാനുംപേരുടെ സാമ്പിളുകളും പരിശോധനക്കായി കൊടുത്തിട്ടുണ്ട്. ചേരിക്കോണം വാർഡിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തും. കൂടുതൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാക്കും. പാലത്തറ, ഇരവിപുരം, കൊറ്റങ്കര ,മയ്യനാട്, ഇളമ്പള്ളൂർ എന്നിവിടങ്ങളിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മരിച്ച പെൺകുട്ടികളുടെ സഹോദരൻ അമ്പാടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. തൃക്കോ വിൽവട്ടം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റെ സിന്ധുവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് കുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

