കൊട്ടിയത്ത് ഉയരപ്പാതയിൽ വീണ്ടും വിള്ളൽ: ജനം പരിഭ്രാന്തിയിൽ
text_fieldsഉയരപ്പാതയിൽ വിള്ളലുള്ള ഭാഗത്തെ ടാർ നീക്കിയനിലയിൽ
കൊട്ടിയം: ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയുടെ നിർമാണം പൂർത്തിയായ കൊട്ടിയത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും വിള്ളൽ. കൊട്ടിയം ജങ്ഷന് കിഴക്ക് പെട്രോൾ പമ്പിനും സിതാര ജങ്ഷനും മധ്യേയുള്ള ഉയരപ്പാതയിലാണ് ആഴത്തിലുള്ള വിള്ളൽ കണ്ടത്.
ടാറിങ് ജോലികൾ പൂർത്തിയാക്കിയ ഉയരപ്പാതയിൽ വിള്ളലുണ്ടെന്ന കാര്യം പ്രദേശവാസികൾ എൻ.എച്ച്.എ.ഐ അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച കരാർ കമ്പനിത്തൊഴിലാളികൾ പറക്കുളത്തെ ഉയരപ്പാതയിലെ ടാർ നീക്കി അവിടെ വീണ്ടും ടാർ ചെയ്‌ത് വിള്ളൽ അടച്ചു. ഇതിനെതിരെ പറക്കുളത്തെ ജനകീയ സമരസമിതി പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും പൊലീസിന്‍റെ അകമ്പടിയോടെ അവിടെ ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
വെള്ളിയാഴ്ച പെട്രോൾ പമ്പിന് സമീപത്തെ ടാറും മണ്ണും നീക്കിയപ്പോഴാണ് അവിടെയും ആഴത്തിൽ വിള്ളലുണ്ടെന്ന് മനസ്സിലായത്. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കരാർ തൊഴിലാളികൾ ഇവ അടക്കുന്ന ജോലികൾ ചെയ്യാതെ മടങ്ങി. പറക്കുളത്ത് ചെയ്‌തതു പോലെ പൊലീസ് സഹായത്തോടെ ഇവിടെയും വിള്ളലടക്കാനുള്ള ശ്രമം നടക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.
അതേസമയം, വിദഗ്‌ധ സമിതിയെത്തി വിള്ളൽ പരിശോധിക്കാനാണ് മണ്ണും ടാറും നീക്കിയതെന്ന വാദം തെറ്റാണെന്നത് പറക്കുളത്തെ നടപടികളിലൂടെ വ്യക്തമായെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് എൻ.എച്ച്.ഐയുടെയും കരാർ കമ്പനി അധികൃതരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

