
വനിത പഞ്ചായത്ത് പ്രസിഡൻറിനെ സി.ഐ ൈകയേറ്റം ചെയ്തെന്ന പരാതി: അന്വേഷണം തുടങ്ങി
text_fieldsകൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് ജലജ കുമാരിയെ കൊട്ടിയം സി.ഐ ൈകയേറ്റം ചെയ്തെന്ന പരാതിയിൽ ഉന്നതതല അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ സിറ്റി പൊലീസ് കമീഷണറെ നേരിൽ കണ്ട് സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് നൽകും.
സി.ഐക്കെതിരെ നടപടി എടുക്കേണ്ടത് ഡി.ജി.പി ആയതിനാലാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകുക. സംഭവം പ്രസിഡൻറിെൻറ പാർട്ടിയായ സി.പി.െഎ ഗൗരവത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. സി.ഐക്കെതിരെ നടപടിക്ക് സമ്മർദവുമായി ഇടതുമുന്നണിയും രംഗത്തുണ്ട്. ഇടതുമുന്നണി ഭരിക്കുമ്പോൾ മുന്നണിയിൽപെട്ട വനിത പഞ്ചായത്ത് പ്രസിഡൻറിനെ സി.ഐ കൈയേറ്റം ചെയ്തത് സർക്കാറിനും നാണക്കേടുണ്ടാക്കുന്ന നടപടിയായാണ് സി.പി.ഐ കാണുന്നത്.
ചൊവ്വാഴ്ച വൈകീട്ട് തഴുത്തല നാഷനൽ പബ്ലിക് സ്കൂളിനടുത്തുള്ള റോഡിെൻറ നിർമാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറിെൻറയും അധികൃതരുടെയും മേൽനോട്ടത്തിൽ നടന്നുവരുമ്പോൾ അവിടെയെത്തിയ സി.ഐ മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പ്രസിഡൻറിെൻറ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും പ്രസിഡൻറിെൻറ നേതൃത്വത്തിൽ രാത്രിയിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. രാത്രി പത്തോടെ അഡീഷനൽ എസ്.പി ജോസി ചെറിയാൻ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ സി.ഐയെ മാറ്റി നിർത്തി അന്വേഷണം നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചടക്കം സമരപരിപാടികൾ സ്വീകരിക്കുമെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. സജീവ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് ജലജകുമാരി, വൈസ് പ്രസിഡൻറ് സതീഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാനിബ, അലിയാരു കുട്ടി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ്, സി.പി.ഐ ലോക്കൽ സെക്രട്ടറി അഡ്വ.കെ. മനോജ്കുമാർ എന്നിവരടങ്ങിയ സംഘമാണ് കമീഷണറെ കണ്ട് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
