ഉയരപ്പാത; സമരസമിതികളുമായി കലക്ടർ നടത്തിയ ചർച്ച എങ്ങുമെത്തിയില്ല
text_fieldsയോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ സമരസമിതിക്കാർ പ്രതിഷേധിക്കുന്നു
കൊട്ടിയം: മൺമതിലിനുപകരം പില്ലറുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായി സമരരംഗത്തുള്ള ജനകീയ സമരസമിതികളും സംയുക്ത സമരസമിതി ഭാരവാഹികളുമായി കലക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ച നടക്കുന്നതിനിടയിൽ മറ്റൊരു യോഗത്തിൽ പങ്കെടുക്കുന്നതിനായി കലക്ടർ ഇറങ്ങിപ്പോയതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സി.ആർ. മഹേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽനിന്നാണ് അടിയന്തര പ്രാധാന്യമുള്ള യോഗം ഉണ്ടെന്ന പേരിൽ കലക്ടർ ഇറങ്ങിപ്പോയത്.
ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്യത്തിൽ യോഗനടപടി തുടരുമെന്നറിയിച്ച ശേഷമാണ് കലക്ടർ പോയത്. യോഗം തുടങ്ങിയപ്പോൾ തന്നെ ചർച്ചയിൽ പങ്കെടുക്കുന്നവർ പ്രാധാന്യമുള്ള വിഷയങ്ങൾ മാത്രം സൂചിപ്പിച്ചാൽ മതിയെന്നും ബാക്കിയുള്ളവ എഴുതി നൽകിയാൽ നൽകിയാൽ മതിയെന്നും കലക്ടർ നിർദേശം നൽകിയിരുന്നു. മൺമതിലിന് പകരം ഉയരപ്പാത നിർമിക്കണമെന്നായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചർച്ചയിൽ പങ്കെടുക്കാനെത്തിയ സമരസമിതികളുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആവശ്യം.
ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ ഓടകൾ സംബന്ധിച്ച പ്രശ്നങ്ങളും തോടുകൾ തകർന്ന സംഭവങ്ങളും അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള അടിപ്പാതകളെക്കുറിച്ചും പലരും പരാതികൾ ഉന്നയിച്ചു. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നത് സംബന്ധിച്ചോ തുടരുന്നത് സംബന്ധിച്ചോ യോഗത്തിൽ തീരുമാനം ഉണ്ടായില്ല. ഹൈവേ അതോറിറ്റിയുടെ രണ്ട് ഉദ്യോഗസ്ഥരും കരാറുകാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുമ്പ് സമരസമിതിക്കാർ യോഗം ബഹിഷ്കരിച്ച് പുറത്തു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

