കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട; മൂന്നര കിലോ കഞ്ചാവ് പിടികൂടി
text_fieldsശെൽവകുമാർ, നൗഫൽ
കൊട്ടിയം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേരെയും കടത്താനുപയോഗിച്ച കാറും എക്സൈസ് പിടികൂടി. കൊട്ടിയം പട്ടരുമുക്ക് ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ കഞ്ചാവുമായി പള്ളിമുക്ക് പീടികയിൽ വീട്ടിൽ നൗഫൽ (20), തമിഴ്നാട് സ്വദേശി മധുര മൊട്ടമല ശ്രീനിവാസ് കോളനിയിൽ സെൽവകുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. നിരവധി ക്രിമിനൽ കേസുകളുള്ള പ്രധാന പ്രതി പട്ടരുമുക്ക് കുടിയിരിത്ത് വയൽ വയലിൽ പുത്തൻ വീട്ടിൽ റഫീഖ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
മധുരയിൽനിന്ന് സെൽവകുമാർ െകാണ്ടുവന്ന അഞ്ചു കിലോ കഞ്ചാവ് റഫീഖും നൗഫലും ചേർന്ന് ചെറിയ പൊതികളാക്കി രണ്ടു കിലോയോളം രണ്ടുദിവസമായി വിൽപന നടത്തി വരികയായിരുന്നു. ഇവർ കുണ്ടുകുളം കേന്ദ്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എക്സൈസ് സംഘത്തെ കണ്ട് റഫീഖ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി.
കഴിഞ്ഞ മേയിൽ പൊലീസിനെ ആക്രമിച്ച് കനാലിലെ തുരങ്കത്തിൽ ഒളിച്ച റഫീഖിനെ അന്ന് സാഹസികമായി പിടികൂടിയിരുന്നു. അതിനുശേഷം ജയിലിൽ നിന്നിറങ്ങിയ റഫീഖ് നൗഫലുമായി ചേർന്ന് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. സെൽവകുമാറിൽനിന്ന് കിലോക്ക് 20,000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയിരുന്നത്.
കഞ്ചാവ് തൂക്കുന്ന ഡിജിറ്റൽ ത്രാസും എക്സൈസ് സംഘം കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച റഫീഖിെൻറ കാർ മേവറം ബൈപാസിനു സമീപത്തെ വർക്ക് ഷോപ്പിെൻറ മുന്നിൽനിന്ന് കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്ന് 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഡ്രൈവർ സീറ്റിനടിയിൽ രഹസ്യ അറ നിർമിച്ച് അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിയിലായ നൗഫലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
റഫീഖിനെ പിടികൂടുന്നതിനായി അസി. എക്സൈസ് കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.