വധശ്രമം: യുവാക്കൾ പിടിയിൽ
text_fieldsസച്ചു, പ്രശാന്ത്
കൊട്ടിയം: വാക്ക്തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പുതുച്ചിറ പനമൂട്ടിൽ കിഴക്കതിൽ സച്ചു (19), ഇരവിപുരം, ആക്കോലിൽ ചേരി, കോടിയാട്ട് പടിഞ്ഞാറ്റതിൽ പ്രശാന്ത് (25) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
19ന് വെളുപ്പിന് പ്രതികളും പുതുച്ചിറ സ്വദേശിയായ ശ്രീകുമാറും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പ്രതികൾ ശ്രീകുമാറിനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ തലയിൽ ആഴത്തിൽ മുറിവേറ്റ ശ്രീകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പ്രശാന്ത്.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, റിനോക്സ്, എ.എസ്.ഐ വിൽസൺ, സി.പി.ഒമാരായ സന്തോഷ് ലാൽ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

