ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കൽ; ഉമയനല്ലൂർ കടമ്പാട്ടുമുക്ക് ഭാഗത്ത് നോട്ടീസ് പതിച്ചു തുടങ്ങി
text_fieldsകൊട്ടിയം: ദേശീയപാതക്കായുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് പതിച്ചുതുടങ്ങി. നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥനെ ഭൂമി ഏൽപിച്ച് ഒഴിഞ്ഞുപോകേണ്ടതാണെന്നാണ് ഡെപ്യൂട്ടി കലക്ടറുടെ നോട്ടീസിൽ പറയുന്നത്. ഉമയനല്ലൂർ കടമ്പാട്ടുമുക്ക് ഭാഗത്തെ ചില സ്ഥലങ്ങളിലാണ് നോട്ടീസ് പതിച്ചത്.
ഒക്ടോബർ 30 ന് തയാറാക്കിയ നോട്ടീസാണ് 25 ദിവസം കഴിഞ്ഞ് ഇപ്പോൾ പതിച്ചു തുടങ്ങിയത്. 'താങ്കളുടെ പേരിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള നഷ്ടപരിഹാരസംഖ്യ ദേശീയപാത അതോറിറ്റിയിൽനിന്ന് അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും അത് വിതരണത്തിന് തയാറായിട്ടുണ്ടെന്നും' നോട്ടീസിൽ പറയുന്നുണ്ട്.
എന്നാൽ, തങ്ങൾക്ക് എന്താണ് നഷ്ടപരിഹാരമായി ലഭിക്കുകയെന്ന് ഇതുവരെയും അറിയിച്ചിട്ടില്ലെന്ന് ഭൂഉടമകൾ പറയുന്നു. ഉമയനല്ലൂർ കടമ്പാട്ട് മന്ത്രമുഹൂർത്തി ക്ഷേത്രത്തിലാണ് ഇപ്പോൾ നോട്ടീസ് പതിച്ചത്.
ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും പേർ നൽകിയിട്ടുള്ള ഹരജി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിൽ കേസുള്ളപ്പോഴാണ് നോട്ടീസ് പതിക്കൽ നടപടികളുമായി അധികൃതർ എത്തിയിട്ടുള്ളതെന്ന് സ്ഥലമുടമകൾ പറയുന്നു.