എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെട്ടയാൾ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായവർ
കൊട്ടിയം: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കടന്ന പ്രതിയെ പിടികൂടി. ചാത്തന്നൂർ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ രാഹുൽ ആർ.രാജിനെ ആക്രമിച്ചു കടന്ന മയ്യനാട് ആലുംമൂട് എൽ.പി.എസിന് സമീപം പണ്ടാലയിൽ തെക്കതിൽ സാത്താൻ എന്ന സന്തോഷിനെയാണ് (35) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന സംഘം കഴിഞ്ഞ ദിവസം പിടിയിലായപ്പോൾ, ഇരുമ്പ് ഹൂക്ക് ഉപയോഗിച്ച് രാഹുൽ ആർ. രാജിനെ ആക്രമിച്ച ശേഷമാണ് സന്തോഷ് കടന്നത്. അതേസമയം, സന്തോഷിെൻറ കഞ്ചാവ് സംഘത്തിൽപെട്ട ഒരാളെ ഒന്നേകാൽ കിലോ കഞ്ചാവുമായി ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടി.
മയ്യനാട് കുട്ടിക്കട സ്വദേശി ജോയ് (51) ആണ് പിടിയിലായത്. മയ്യനാട്, കൂട്ടിക്കട, കൊട്ടിയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. ആവശ്യക്കാർ പറയുന്നതനുസരിച്ച് അവരുടെ സ്ഥലങ്ങളിൽ ബൈക്കിൽ നേരിട്ട് കഞ്ചാവ് വിൽപന നടത്തുകയാണ് രീതി.
കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ജോയിയെയും സന്തോഷിനെയും ഒന്നും രണ്ടും പ്രതികളാക്കി എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.