ബൈപാസ് റോഡ്: അപകടം തുടർക്കഥ
text_fieldsകൊല്ലം അയത്തിൽ ബൈപാസിൽ മുസ്ലിം പള്ളിക്കടുത്ത് കാർ നിയന്ത്രണം വിട്ടുമറിഞ്ഞ നിലയിൽ. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ റോഡ്വശത്തു കിടന്ന പാറക്കല്ലിൽ തട്ടി മറിയുകയായിരുന്നു
കൊട്ടിയം: ബൈപാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്ക് കുലുക്കമില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ട് അപകടങ്ങളിൽ ഒരു ബൈക്ക് യാത്രികൻ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബൈപാസ് റോഡിൽ പാൽകുളങ്ങര ക്ഷേത്രത്തിനടുത്ത് വ്യാഴാഴ്ച രാത്രി ബൈക്കുകൾ കൂട്ടിമുട്ടി കിളികൊല്ലൂർ സ്വദേശി രഞ്ജിത് (37) മരിച്ചു. കാസർകോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽ റൈഡിങ് നടത്തിവന്ന ബൈക്കുകളിലൊന്ന് എതിർദിശയിൽ വന്ന ബൈക്കിലിടിച്ചായിരുന്നു അപകടം. കാസർകോട് സ്വദേശികളായ രണ്ടുപേർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെ അയത്തിൽ ജങ്ഷന് വടക്കുവശം കാർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടന്ന ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ റോഡിെൻറ വശത്തുള്ള സുരക്ഷ തൂൺ ഇടിച്ചശേഷം മറിഞ്ഞു. തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്.
ചീറ്റാ പൊലീസും ഹൈവേ പൊലീസും കൺട്രോൾ റൂം പൊലീസുമൊക്കെ പട്രോളിങ്ങിനായി ബൈപാസ് റോഡിലുണ്ടെങ്കിലും അവർ ഓരോസ്ഥലങ്ങളിൽ കിടക്കുകയാണ് പതിവ്.
ഇവർ ബൈപാസ് റോഡിൽ സദാസമയവും പട്രോളിങ് നടത്തിക്കൊണ്ടിരുന്നാൽ നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ കുറക്കുവാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.