എം.സി റോഡിൽ കൊട്ടാരക്കര-ഏനാത്ത് ഭാഗത്ത് തെരുവുവിളക്കില്ല; രാത്രിയിൽ അപകടം പതിവ്
text_fieldsകൊട്ടാരക്കര: കൊട്ടാരക്കര-ഏനാത്ത് എം.സി റോഡിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രികാല വാഹനാപകടങ്ങൾ വർധിക്കുന്നു. കൊല്ലം-പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമാണ് ഏനാത്ത്. ഇരുചക്ര വാഹനങ്ങളും കാറുമാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. രാത്രികാല അപകടങ്ങൾ കുറക്കുന്നതിനായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
അപകടങ്ങൾ കുറക്കുന്നതിനായി നാറ്റ് പാക് സംഘം എം.സി റോഡിൽ പരിശോധന നടത്തുകയും റോഡിൽ മഞ്ഞ പെയിന്റ് അടിക്കുകയും അപകട മേഖല എന്ന ബോർഡ് വെക്കുകയും ചെയ്തു. എന്നിട്ടും ഫലം ഉണ്ടായില്ല. തുടർന്നും വാഹനാപകടങ്ങൾ സംഭവിക്കുന്നു. രാത്രികാല അപകടങ്ങൾ ഒഴിവാക്കാൻ ഇവിടെ തെരുവ് വിളക്ക് പ്രകാശിപ്പിക്കണമെന്ന വാഹനയാത്രികരുടെ ആവശ്യം അധികൃതർ കേട്ടമട്ടില്ല . ഇതുവരെ നൂറോളം വാഹനാപകട മരണങ്ങളാണ് ഇവിടെ സംഭവിച്ചത്.

