കൊട്ടാരക്കര: ഇഞ്ചക്കാട് മഠത്തിൽകാവ് ഭദ്രകാളീ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവനിൽ കൂടുതൽ തൂക്കം വരുന്ന മണിമാല മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന അടൂർ കിളിവയൽ വടക്കടത്ത്കാവ് ഭാനു വിലാസത്തിൽ ഭുവനചന്ദ്രനെ (60 -ശ്രീകുമാർ) ആണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം.
രാത്രി സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ പുതിയ ഭരണസമതി ചുമതലയേൽക്കുന്നതിന് മുമ്പായി ഓഡിറ്റ് നടത്തിയപ്പോൾ രേഖയിലുണ്ടായിരുന്ന മാലയുടെ രൂപവും വിഗ്രഹത്തിലുണ്ടായിരുന്ന മാലയും തമ്മിൽ വ്യത്യാസം വന്നതിനെ തുടർന്ന് സംശയം തോന്നിയ കമ്മിറ്റി അംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പൊലീസ് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിനെ തുടർന്ന് മോഷണം വ്യക്തമാകുകയായിരുന്നു. ഏനാത്ത് മണിമുറ്റത്ത് നിധി ഫൈനാൻസിൽ 17000 രൂപക്ക് പണയം െവച്ചിരുന്ന തൊണ്ടി മുതൽ പൊലീസ് വീണ്ടെടുത്തു. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.