കുടിവെള്ള പദ്ധതിക്കായി കാത്തിരിപ്പ് നീളുന്നു
text_fieldsകൊട്ടാരക്കര : മുപ്പതുലക്ഷത്തോളം രൂപ ചെലവിൽ ജലസംഭരണി നിർമിച്ചിട്ടും ഉപയോഗിക്കാൻ കഴിയാത്തത് പെരുങ്കുളം കൊടിതൂക്കാംമുകൾ, പൊങ്ങൻ പിറ പ്രദേശങ്ങളിലെ ജലവിതരണത്തെ ബാധിക്കുന്നു. കുളക്കട - പവിത്രേശ്വരം ജലപദ്ധതിയുടെ ഭാഗമായി ഉയർന്ന പ്രദേശമായ കൊടിതൂക്കാംമുകളിൽ രണ്ടു ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയാണ് നിർമിച്ചത്.
നിർമാണം പൂർത്തിയായി നാലു മാസം കഴിഞ്ഞിട്ടും സംഭരണിയിലേക്ക് ജലം എത്തിക്കാൻ കഴിയുന്നില്ല. മാവേലി ജങ്ഷനിൽ ഡബ്ല്യു.എൽ.പി.സ്കൂളിന് സമീപമുള്ള ശുദ്ധീകരണ ശാലയിൽനിന്ന് കൊടിതൂക്കാംമുകളിലെ സംഭരണിയിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പും പമ്പ് ഹൗസും സ്ഥാപിച്ചിട്ടില്ല.
മാവേലി ജങ്ഷനിൽ റോഡ് മുറിച്ച് കുടിവെളളക്കുഴൽ സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി നൽകാത്തതാണ് കാരണം. റോഡ് മുറിച്ച് കുഴൽ സ്ഥാപിക്കുകയും ശുദ്ധീകരണശാലയിലുള്ള ഭൂഗർഭ കിണറിലെ ജലം സംഭരണിയിലേക്ക് പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസ് നിർമിക്കുകയും വേണം.
ഇത്രയും പൂർത്തിയായാൽ ഉയർന്ന പ്രദേശമായ കൊടിതൂക്കാംമുകളിലും പൊങ്ങൻപാറയിലും സമീപപ്രദേശങ്ങളിലും ജലവിതരണം സുഗമമാകും. നിലവിൽ ഇവിടങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഏറെയുള്ള പ്രദേശമാണ് പൊങ്ങൻപാറ വാർഡ്.
ടാങ്കറുകളിലെ ജല വിതരണം മാത്രമാണ് ഇവിടെ ആശ്രയം. കുടിവെള്ള പദ്ധതി ആരംഭിച്ചിട്ടും പ്രദേശത്ത് ജലം എത്താത്തതിനാലാണ് കൊടി തൂക്കാംമുകളിൽ സംഭരണി നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. പലതവണ വാട്ടർ അതോറിറ്റി കിഫ്ബിക്ക് കത്ത് നൽകിയിട്ടും റോഡ് മുറിക്കാൻ അനുമതി ലഭിച്ചില്ല. ബിൽ മാറി നൽകാത്തതിനാൽ കുഴൽ സ്ഥാപിക്കൽ ജാേലികൾ കരാറുകാരൻ നിർത്തി വച്ചിരുന്നു.