പുത്തൂർ പാണ്ടറ ചിറയുടെ ദുരിതാവസ്ഥയ്ക്ക് ഉടൻ പരിഹാരമാകും- മന്ത്രി കെ.എൻ.ബാലഗോപാൽ
text_fieldsകൊട്ടാരക്കര: പുത്തൂർ പാണ്ടറ ചിറയുടെ ദുരിതാവസ്ഥയ്ക്ക് ഉടൻ പരിഹാരമാകും. മന്ത്രി കെ.എൻ.ബാലഗോപാലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.സുമാലാലും ചിറയുടെ ദുരവസ്ഥ കാണാനെത്തി. കാലങ്ങളായി തുടരുന്ന അവഗണനയിൽ നിന്നും ചിറയ്ക്ക് മോക്ഷമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഒരു കാലത്ത് ഗ്രാമത്തിന് മുഴുവൻ ജലസമ്പത്ത് പകർന്നുനൽകിയ ഈ നീർത്തടം ഏറെ നാളായി നിലനിൽപ്പിനായി കേഴുകയാണ്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. നാടിന്‍റെ ഐശ്വര്യമായിരുന്ന ചിറയിൽ പായലും വെളിയിൽ ചേമ്പും നിറഞ്ഞിട്ട് നാളേറെയായി. ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞത് രണ്ടാഴ്ച മുൻപ് വെട്ടിത്തെളിച്ചത് മാത്രമാണ് ആകെയുള്ള ആശ്വാസം.
പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് കരുവായം വാർഡ്. വേനൽ കടുക്കുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമാണ് നാട്ടുകാർ. കിണറുകളും തോടുകളും വറ്റി വരളുമ്പോഴും പാണ്ടറ ചിറയിൽ നിറസമൃദ്ധിയാണ്. വേനൽക്കാലത്തൊക്കെ നാട്ടുകാർ കുളിക്കാനും തുണി അലക്കാനും കാർഷിക ആവശ്യങ്ങൾക്കും ചിറയിലെ വെള്ളം ഉപയോഗിച്ചിരുന്നു. ചുറ്റുവട്ടത്തുള്ള കിണറുകളിലെ നീരളവ് നിലനിറുത്തുന്നതും ചിറയുടെ നിറ സമൃദ്ധിയാണ്.
പാണ്ടറ ഗ്രാമത്തിന്‍റെ അസ്ഥിത്വമായ ചിറയെ അധികൃതർ മറന്നുപോയതാണ്. പുത്തൂർ- കൊട്ടാരക്കര റോഡിന്‍റെ അരികിലായിട്ടാണ് ചിറയുള്ളത്. ഇരുപത് കോടി രൂപയുടെ റോഡ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയുടെ സമീപത്തുനിന്ന് റോഡ് മുറിച്ച് ഏലായിലേക്കുള്ള കലുങ്ക് പുനർ നിർമ്മിച്ചിരുന്നു. ചിറയിലേക്ക് കരവെള്ളം ഇറങ്ങുന്നതിന് കുറച്ചൊക്കെ പരിഹാരവും ഇതുവഴി ഉണ്ടാക്കി. എന്നാൽ അതുകൊണ്ടൊന്നും ചിറ സംരക്ഷിക്കപ്പെടില്ല. നല്ല വിസ്തൃതിയുള്ളതാണ് പാണ്ടറ ചിറ. അതുകൊണ്ടുതന്നെ വൃത്തിയാക്കിയെടുത്താൽ നീന്തൽ കുളമായി ഉപയോഗിക്കാവുന്നതാണ്.
നീന്തൽ പരിശീലന സംവിധാനങ്ങളും ഇവിടെ ഒരുക്കാം. കരവെള്ളം ഇറങ്ങാത്ത വിധം ചുറ്റും ഉയരത്തിൽ ഭിത്തികെട്ടി സംരക്ഷണ കവചമൊരുക്കണമെന്നാണ് പൊതുആവശ്യം. പാണ്ടറ ചിറയുടെ നവീകരണത്തിനായി കാര്യമായി ഇടപെടുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ചിറ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്‍റ് സുമാലാൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അറിയിച്ചു. തുടർ പ്രവർത്തനങ്ങൾക്കടക്കം പദ്ധതികൾ തയ്യാറാക്കുമെന്ന് മന്ത്രിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

