നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി ലക്ഷ്യം കണ്ടില്ല
text_fieldsനെടുവത്തൂർ പൊങ്ങൻപാറ ടൂറിസം മേഖല
കൊട്ടാരക്കര: നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി ലക്ഷ്യം കണ്ടില്ല. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. തൊട്ടടുത്തുള്ള പൊങ്ങൻപാറ മഹാദേവർ ക്ഷേത്രത്തിന്റെ വിശുദ്ധിയെ ബാധിക്കും വിധത്തിൽ സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതായാണ് പരാതി. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ഉപേക്ഷിച്ചതോടെ ഇവിടത്തെ സൗന്ദര്യക്കാഴ്ചകൾ സഞ്ചാരികളുടെ കാണാമറയത്ത് ഒതുങ്ങിപ്പോകുകയാണ്.
2014ൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്താണ് പൊങ്ങൻപാറയിൽ വികസന പദ്ധതികൾക്ക് രൂപം നൽകിയത്. 49 ലക്ഷം അടങ്കൽ കണക്കാക്കിയിരുന്ന പദ്ധതിയിൽ ഇരുപത്തിനാലര ലക്ഷം രൂപയുടെ നിർമാണം നടത്തിയിരുന്നു. സഞ്ചാരികൾക്ക് പാറക്കെട്ടിന് മുകളിലേക്ക് നടന്നുകയറാനായി മുകളിൽവരെ പടികൾ, കൈവരി എന്നിവ നിർമിച്ചു. ശുചിമുറിയും വിശ്രമകേന്ദ്രവുമൊരുക്കി.
അതോടെ നിർമാണം നിലച്ചു. ടോയ്ലറ്റും വിശ്രമകേന്ദ്രവുമൊക്കെ സാമൂഹികവിരുദ്ധർ കൈയടക്കി. കൊല്ലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ നീക്കിവെച്ചിരുന്നു. ചടയമംഗലം ജടായുപ്പാറ, കുളത്തൂപ്പുഴ സഞ്ജീവനി വനം, കൊട്ടാരക്കര മീൻപിടിപ്പാറ, ഇടമുളയ്ക്കൽ പഞ്ചായത്തിലെ മലമേൽപാറ, മുട്ടറ മരുതിമല, തെന്മല ഇക്കോ ടൂറിസം പദ്ധതി.
ശെന്തുരുണി വന്യജീവി സങ്കേതം എന്നീ മലയോരക്കാഴ്ചകളും അഷ്ടമുടിക്കായലും മൺറോതുരുത്തും ചേരുന്ന ജലാശയക്കാഴ്ചകളും ചേരുന്നതാണ് ടൂറിസം സർക്യൂട്ട്. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലത്തിലായിട്ടും ഈ പദ്ധതിയിൽ പൊങ്ങൻപാറ ടൂറിസം പദ്ധതിയെ ഉൾപ്പെടുത്തിയില്ല. ടൂറിസം വകുപ്പ് കൈയൊഴിഞ്ഞ പദ്ധതിയാണെങ്കിലും നെടുവത്തൂർ ഗ്രാമപഞ്ചായത്തിന് ഇവിടം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.