അനുവാദമില്ലാതെ യുവതിയുടെ ചിത്രം ഉപയോഗിച്ചയാൾ അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: യുവതിയുടെ ചിത്രം അനുവാദമില്ലാതെ സമൂഹമാധ്യമത്തിൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. മെഡിക്കൽ, ആരോഗ്യം എന്നിവ സംബന്ധിച്ച് വിഡിയോകളും മെസേജുകളും പോസ്റ്റ് ചെയ്യുന്ന സമൂഹമാധ്യമ പേജിന്റെ ക്രിയേറ്ററായ കോഴിക്കോട് സ്വദേശി ഉനൈസാണ് (24) അറസ്റ്റിലായത്.
ഇൻറർനെറ്റിൽനിന്ന് ലഭ്യമായ ഫോട്ടോ യുവതിയുടെ അനുവാദമില്ലാതെ സമൂഹമാധ്യമത്തിൽ ഡിസ്പ്ലേ പിക്ചറാക്കിയെന്നാണ് കേസ്. നിരവധി പേർ പിന്തുടരുന്ന ഫേസ്ബുക് പേജിന്റെ ഡിസ്പ്ലേ പിക്ചർ യുവാവ് ഉപയോഗിക്കുന്നതായി സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.
തുടർന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിലിന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസന്വേഷണം നടത്തിയതിൽ പേജിന്റെ പ്രശസ്തി കൂട്ടാനാണ് ഇത്തരത്തിൽ ഫോട്ടോ ഉപയോഗിച്ചതെന്ന് യുവാവ് പറഞ്ഞു.
വിവര സാങ്കേതിക നിയമം 66 സി .വകുപ്പ് പ്രകാരം മൂന്നുവർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇൻസ്പെക്ടർ എലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.എസ്. ബിനു, അസി. സബ് ഇൻസ്പെക്ടർ തനൂജ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.

