അന്തർസംസ്ഥാന തൊഴിലാളിയുടെ മകന് മിന്നും വിജയം
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ മകനായ കുൽദീപ് യാദവിന് മാതാവ് സബിത മധുരം നൽകുന്നു
കൊട്ടാരക്കര : അടച്ചുറപ്പിലാത്ത വീട്ടിൽനിന്ന് പൊരുതി പഠിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ മകന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കുൽദീപ് യാദവാണ് എല്ലാവിഷയത്തിനും എ പ്ലസ് നേടിയത്. 10 വർഷമായി നെടുവത്തൂർ ചാലുക്കോണം തെക്കേക്കര വാടക വീട്ടിൽ താമസിക്കുന്ന രാംകരൺ-സബിത ദമ്പതികളുടെ മകനാണ് കുൽദീപ്.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളാണ് കുടുംബം. രാം കരൺ പണിക്കായി കേരളത്തിൽ വന്നപ്പോൾ മകനെ ഒന്നാം ക്ലാസിൽ നെടുവത്തൂർ ചാലുക്കോണം ടി.വി.യു.പി.എസിൽ ചേർത്തു. എട്ടാംക്ലാസ് മുതൽ നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലാണ് പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ മലയാളം വായിക്കാനും എഴുതാനും ശീലിച്ചുതുടങ്ങി. ഓൺലൈൻ പഠന കാലത്ത് ഈശ്വര വിലാസം സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സഹോദരി അനാമികയാണ് കുൽദീപിന്റെ പഠനത്തിനായി പ്രോത്സാഹനം നൽകിയത്. മാതാവ് സബിത സമീപത്തെ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുകയാണ്. പിതാവ് നിർമാണത്തൊഴിലാളിയാണ്. തുടർപഠനവും കേരളത്തിൽ നടത്താൻ ആഗ്രഹിക്കുന്ന കുൽദീപിന് പ്ലസ് ടു സയൻസ് എടുത്ത് പഠിക്കാനാണ് ലക്ഷ്യമിടുന്നത്.