കൊട്ടാരക്കര താലൂക്ക് ആശുപത്രി നവീകരണം: 50 സെൻറ് ഏറ്റെടുക്കും
text_fieldsകൊട്ടാരക്കര താലൂക്ക് ആശുപത്രി
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രി നവീകരണത്തിന് ഭൂമി ഏറ്റെടുക്കാൻ ധാരണയായി. ആശുപത്രിയുടെ പിറകിൽ 50 സെൻറ് ഭൂമിയാണ് വികസനത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഭൂവുടമയുമായി നഗരസഭ അധികൃതരും എച്ച്.എം.സിയും ധാരണയുണ്ടാക്കി. നിലവിൽ ആശുപത്രി വളപ്പിലെ കെട്ടിട നിർമാണത്തിെൻറ ഭാഗമായി വന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ഏറെ തടസ്സങ്ങളുണ്ടായിരുന്നു. ഇവ പരിഹരിച്ച് മണ്ണ് നീക്കം തുടങ്ങി.
പുതുതായി ഏറ്റെടുക്കുന്ന ഭൂമിയിലേക്കാണ് മണ്ണ് നിക്ഷേപിക്കുന്നത്. മുമ്പ്, ഇൗ മണ്ണ് ഡോക്ടേഴ്സ് ലെയിൻ-കുലശേഖരപുരം-പുലമൺ റോഡിനായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. നഗരസഭ ചെയർമാൻ മുൻകൈയെടുത്ത് ഇവിടെ ഏലായിലൂടെ റോഡ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും എതിർപ്പുകളും കോടതി ഇടപെടലുമുണ്ടായതോടെ മുടങ്ങി. ഇ.ടി.സി-പൊന്മാന്നൂർ കനാൽ റോഡിനായി മണ്ണ് ഉപയോഗിക്കാനുള്ള ശ്രമവും വിജയിച്ചിരുന്നില്ല. മണ്ണ് മാറുന്നതോടെ ഇവിടത്തെ നിർമാണ ജോലികൾ ആരംഭിക്കാനാകും.
ദേശീയപാതക്കരികിലായി ആശുപത്രിയുടെ മുൻഭാഗത്തെ കെട്ടിട നിർമാണ ജോലികൾ കാര്യമായി പുരോഗമിക്കുന്നുണ്ട്.
'മിനി മെഡിക്കൽ കോളജ്' ആകൽ ലക്ഷ്യം
സൗകര്യങ്ങളിലും ചികിത്സയിലും 'മിനി മെഡിക്കൽ കോളജ്' തലത്തിലേക്ക് താലൂക്ക് ആശുപത്രിയെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2020 ആഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് കെട്ടിട സമുച്ചയത്തിെൻറ നിർമാണം ഉദ്ഘാടനം ചെയ്തത്.
എന്നാൽ, ഒന്നര വർഷം പിന്നിടുമ്പോഴാണ് പ്രധാന കെട്ടിട നിർമാണത്തിെൻറ മണ്ണ് നീക്കം തുടങ്ങാനായത്. 233 കിടക്കകളുള്ള വാർഡ്, അഡ്മിനിസ്ട്രേഷൻ േബ്ലാക്ക്, ഡയഗ്നോസ്റ്റിക് േബ്ലാക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും.
സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഫയർ ഫൈറ്റിങ് സിസ്റ്റം എന്നിവ ഇതിെൻറ ഭാഗമായുണ്ടാകും. ഓഫിസ് േബ്ലാക്ക് പ്രവേശന കവാടത്തിെൻറ ഭാഗത്തേക്ക് മാറും.
പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമാണ ചുമതല. കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുൾെപ്പടെ 91 കോടി രൂപയുടെ വികസനമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്.