പുല്ലാമലയിലെ കൊലപാതകം; റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു
text_fieldsകൊട്ടാരക്കര: നെടുവത്തൂർ പുല്ലാമലയിൽ കൊലപാതകം നടന്ന സ്ഥലം റൂറൽ എസ്.പി കെ.ബി. രവി വ്യാഴാഴ്ച രാവിലെ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയാണ് നെടുവത്തൂർ പുല്ലാമലയിൽ നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. നെടുവത്തൂർ പുല്ലാമല തടത്തിവിള വീട്ടിൽ രമാവതി(55)യെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊന്ന ഭർത്താവ് രാജൻ (62) പിന്നാലെ ആത്മഹത്യ ചെയ്തു.
രാജന്‍റെ വെട്ടേറ്റ് രമയുടെ സഹോദരി കോട്ടാത്തല സ്വദേശിനിയായ രതി(53)യുടെ കൈപ്പത്തി അറ്റുപോയിരുന്നു. വ്യാഴാഴ്ച നടത്തിയ തെരച്ചിലിലും രാജൻ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താൻ സാധിച്ചില്ല. നാട്ടുകാരും പൊലീസും കൊലപാതകം നടന്ന പ്രദേശത്തെ റബർ പുരയിടത്തിലെ കാടുകളിൽ വെട്ടുകത്തിക്കായി തിരച്ചിൽ നടത്തിയിരുന്നു.
രമാവതി താമസിച്ചിരുന്ന വീടിന് 150 മീറ്റർ മുകളിലെ കുടുംബവീട്ടിൽ ഒരാഴ്ചയായി ഒറ്റക്ക് താമസിക്കുകയായിരുന്നു രാജൻ. ഇവിടെയാണ് പ്രതി തൂങ്ങിമരിച്ചതും. ഈ വീട്ടിലെ കിണറിൽ വെട്ടുകത്തി ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. കിണർ വെള്ളം വറ്റിച്ച് പരിശോധന നടത്തും.
രാജൻ മുമ്പ് രമാവതിയെ കൊല്ലാൻ പലതവണ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് സ്ഥലത്ത് വെച്ചും പലയിടങ്ങളിലുമായി കൊല്ലാൻ ശ്രമം നടത്തിയിരുന്നു. ഒരാഴ്ച മുമ്പ് ഇവരുടെ മാതാവ് മരണപ്പെട്ടിരുന്നു. ഈ സമയത്തും വഴക്കുണ്ടാക്കുകയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനാൽ ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് സമ്മതിച്ചാണ് ഇയാൾ വീട്ടിൽനിന്ന് മാറിതാമസിച്ചത്.
പിന്നാലെ വിജനമായ പുരയിടത്തിൽ സഹോദരിമാരെ ഒറ്റക്ക് കണ്ട രാജൻ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രതിയുടെ അറ്റുപോയ കൈപ്പത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ തുന്നിചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

