പൊലീസ് സ്റ്റേഷനിലെ മര്‍ദനം: ആഭ്യന്തര അന്വേഷണം തുടങ്ങി
text_fieldsകൊട്ടാരക്കര: പൊലീസ് സ്റ്റേഷനില്‍ പിതാവിനും മകനും മര്‍ദനമേറ്റ സംഭവത്തില്‍ റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും പൊതു പ്രവര്‍ത്തകരും ജില്ല പൊലീസ് മേധാവി, സംസ്ഥാന പൊലീസ് മേധാവി, പട്ടികജാതി കമീഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പിതാവിനും മകനും ക്രൂരമായ മര്‍ദനമേറ്റത്. തൃക്കണ്ണമംഗല്‍ കരിക്കത്തില്‍ വീട്ടില്‍ ശശി (53), മകന് ശരത് (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സ്കൂട്ടറുമായി കൂട്ടിയിടിച്ച ശരത്തിെൻറ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം ജാമ്യത്തിലിറക്കാനാണ് ഇരുവരും സ്റ്റേഷനിലെത്തിയത്. എന്നാല്‍ കാര്വിട്ട് നല്കാന് എ.എസ്.ഐ രണ്ടായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നതായും ഇത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ മര്‍ദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി ശശി നല്കിയ പരാതിയില്‍ പറയുന്നു. മര്‍ദിക്കുന്ന ദൃശ്യം ഫോണില്‍ ചിത്രീകരിച്ച മകന് ശരത്തിനെ ക്രൂരമായി മര്‍ദിക്കുകയും ലോക്കപ്പില്‍ അടക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് പൊതുപ്രവര്ത്തകരെത്തിയ ശേഷമാണ് ഇരുവരെയും സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത്.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിയെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. മകന് ശരത് ചികില്‍സയിലാണ്. എ.എസ്.ഐ അനിലിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

