അടിസ്ഥാന സൗകര്യമില്ല, പരിമിതികളേറെ...കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsകൊട്ടാരക്കര താലൂക്കാശുപത്രി
കൊട്ടാരക്കര: ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നായിട്ടും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗികൾക്ക് മെച്ചപ്പെട്ട സേവനമോ സൗകര്യമോ ലഭ്യമാക്കാൻ നടപടിയില്ല. രോഗികളോടുള്ള ചില ജീവനക്കാരുടെ നിഷേധാത്മക മനോഭാവമാണ് ഒരുവശത്തെങ്കിൽ, മറുവശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്.
ജീവനക്കാരുടെ നിസ്സഹകരണവും ലിഫ്റ്റിന്റെ അഭാവവുമാണ് കഴിഞ്ഞദിവസം രണ്ടാംനിലയിൽ പടവുകൾ കയറിയെത്തിയ രോഗി കുഴഞ്ഞുവീണ് മരിക്കാൻ ഇടയാക്കിയത്.
ഗുരുതര ശ്വാസതടസ്സവുമായെത്തിയ കൊട്ടാരക്കര കുറുമ്പാലൂർ അഭിജിത്ത് മഠത്തിൽ വി. രാധാകൃഷ്ണനാണ് (56) വെള്ളിയാഴ്ച രാത്രി താലൂക്കാശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും കിടത്തിചികിത്സ വാർഡിലേക്കുള്ള റാമ്പ് (ചരിച്ചുള്ള നടപ്പാത) ജീവനക്കാർ തുറന്നുനൽകാൻ തയാറായില്ല. ഇതോടെ പടികൾ നടന്നുകയറേണ്ടി വന്ന രാധാകൃഷ്ണൻ കുഴഞ്ഞുവീഴുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്ത ആശുപത്രി അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളെ മുകളിലെ നിലയിലേക്ക് കൊണ്ടുപോകാനുള്ള റാമ്പ് തുറന്നുകൊടുക്കുന്നതിൽ ജീവനക്കാർ അടിയന്തരഘട്ടങ്ങളിൽ പോലും വീഴ്ച വരുത്തുന്നുവെന്ന് പരാതിയുണ്ട്.
രണ്ടാംനിലയിൽ എത്തണമെങ്കിൽ അവശയായ പല രോഗികൾക്കും പടവുകൾ കയറേണ്ട സ്ഥിതിയാണ്. കോടികൾ മുടക്കിയാണ് ആശുപത്രിവളപ്പിൽ പുതിയ കെട്ടിടങ്ങൾ പണിത് ഉദ്ഘാടനം നടത്തിയത്. എന്നാൽ, ലിഫ്റ്റോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ സജ്ജീകരിച്ചിട്ടില്ല. മിക്ക ആശുപത്രികളിലും രോഗികളെ മുകളിലെ നിലയിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ലിഫ്റ്റ് സംവിധാനമുണ്ട്. എന്നാൽ, താലൂക്ക് ആശുപത്രികളിൽ ഈ സൗകര്യം കാര്യക്ഷമമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങൾ, അറ്റൻഡർമാരുടെ സേവനം എന്നിവ സംബന്ധിച്ചും നിരവധി പരാതികൾ ദിവസവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

