കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാളെ റൂറൽ പൊലീസ് പിടികൂടി. എഴുകോൺ പോച്ചക്കോണം മുറിയിൽ തെങ്ങഴികത്ത് വീട്ടിൽ പൊറിഞ്ചു എന്ന ആദർശ് (21) ആണ് പിടിയിലായത്.
ജനുവരിയിൽ പൂയപ്പള്ളി സ്റ്റേഷൻ അതിർത്തിയിൽനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് 2020 ഒക്ടോബർ മാസത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പൊലീസിന് ലഭിക്കുന്നത്. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് എഴുകോൺ പൊലീസിന് കൈമാറുകയും കൂടുതൽ അന്വേഷണത്തിനായി റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ പ്രതിയെ എഴുകോൺ പ്രദേശങ്ങളിൽ കണ്ടതായി റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാറിെൻറ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസഫ് എസ്.ഐമാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ ബിനു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.

