മരുതിമല ഇക്കോ ടൂറിസം പദ്ധതി; 2.66 കോടിയുടെ ഭരണാനുമതി
text_fieldsമരുതി മല
കൊട്ടാരക്കര: മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ നവീകരണത്തിന് 2.66 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2021-’22 വർഷത്തെ പരിഷ്കരിച്ച ബജറ്റിൽ ജില്ലയിൽ പ്രഖ്യാപിച്ച ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ടിൽ മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതിയും ഉൾപ്പെടുത്തിയിരുന്നു.
നാല് ക്ലസ്റ്റർ ഉൾപ്പെട്ട വിനോദസഞ്ചാര സർക്യൂട്ടിലെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10.19 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
സമുദ്രനിരപ്പിൽനിന്നും 2000 അടി ഉയരത്തിലാണ് ജൈവ വൈവിധ്യം നിറഞ്ഞ മരുതിമല സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മരുതിമല ഇക്കോടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2006ൽ ആണ്. ടിക്കറ്റ് കൗണ്ടർ, രണ്ട് ഫുഡ് കിയോസ്കുകൾ, റോക്ക് ക്ലൈംബിങ് സ്റ്റേഷൻ, ശൗചാലയങ്ങൾ, പ്രവേശന കവാടം, പാർക്കിങ് സംവിധാനം, പാത്ത് വേ, സ്റ്റെപ് സിറ്റിങ് സ്പേസ് എന്നിവയുടെ നിർമാണം, ഇലക്ട്രിഫിക്കേഷൻ, വ്യൂയിങ് ഡെക്ക്, പെഡസ്ട്രിയൽ ബ്രിഡ്ജ് എന്നീ സംവിധാനങ്ങളാണ് മരുതിമലയിൽ സജ്ജമാക്കുന്നത്.