കാത്തിരിപ്പ് കേന്ദ്രത്തിൽ ചോർച്ച; കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം
text_fieldsകൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിലെ ചോർച്ച
കൊട്ടാരക്കര: റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ചോർച്ചയായതിനാൽ യാത്രികർ ബുദ്ധിമുട്ടിൽ. കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് വെള്ളം ഒഴുകി പായൽ പിടിച്ചിരിക്കുകയാണ്. യാത്രികർ ട്രെയിനിൽ കയറാനും ഇറങ്ങാനും ശ്രമിക്കുന്നതിനിടെ തെന്നിവീഴാനും സാധ്യത ഏറെയാണ്. ഒരുവർഷമായി കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. കാത്തിരിപ്പ് കേന്ദ്രത്തിലെ ചോർച്ച ഒരുതവണ അടച്ചിരുന്നു. പിന്നീട് തുടർ നടപടി ഉണ്ടായില്ല. ദിവസം നൂറുകണക്കിന് യാത്രികരാണ് റെയിൽവേ സ്റ്റേഷനിൽ വന്ന് പോകുന്നത്.
ആറുമാസം മുമ്പ് നിർമാണം നിരീക്ഷിക്കാൻ സ്ഥലം എം.പിയായ കൊടിക്കുന്നിൽ സുരേഷ് എത്തിയിരുന്നു. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, നിലവിലെ ചോർച്ചയുള്ള കാത്തിരിപ്പ് കേന്ദ്രം നന്നാക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

