വെട്ടിക്കവല പഞ്ചായത്ത് ഭരണം അഴിമതിയുടെ പര്യായമായി മാറി -കെ.ബി. ഗണേഷ് കുമാർ
text_fieldsഎൽ.ഡി.എഫ് നേതൃത്വത്തിൽ വെട്ടിക്കവല പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭരണം അഴിമതിയുടെ പര്യായമായി മാറിയെന്നും പഞ്ചായത്ത് ബോർഡിൽ സ്ഥാപിച്ചിട്ടുള്ള സദ്ഭരണ പഞ്ചായത്ത് എന്നത് ദുർഭരണ പഞ്ചായത്ത് എന്ന് മാറ്റിയെഴുതണമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ കൂട്ടു നിന്ന പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ടിൻ്റെ കയ്യൊപ്പും സർക്കാർ മുദ്രയും ദുരുപയോഗം ചെയ്ത് പ്രസിഡൻ്റിൻ്റെ ബന്ധുവിൻ്റെ അച്ചടിശാലയിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത് ഗൗരവവതരമാണ്. വ്യാജരേഖ നിർമാണത്തിന് കൂട്ടുനിന്ന ശേഷം അതെല്ലാം ഒരു ചെറുപ്പക്കാരന്‍റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ പ്രസിഡൻ്റിനെ അനുവദിക്കില്ലെന്നും രാഷ്ട്രീയമായും നിയമപരമായും ഈ വിഷയം എൽ.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.എസ്. ഷാജി അധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ആർ. രാജഗോപാലൻ നായർ സ്വാഗതം പറഞ്ഞു. ചെങ്ങറ സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പി.എ. എബ്രഹാം, ജനതാദൾ ജില്ലാസെക്രട്ടറി കെ. രാമവർമ്മ, എൽ.ഡി.എഫ് നേതാക്കളായ ആർ. സഹദേവൻ, ജി.ആർ. രാജീവൻ മുഹമ്മദ് അസ്സലാം, കെ. ഹർഷകുമാർ, ടി.എസ്. ജയചന്ദ്രൻ , ജെ. മോഹൻകുമാർ, എം. മഹേഷ്, കെ ബാലചന്ദ്രൻ, അഡ്വ. ഷൈൻ പ്രഭ , എസ്. ഷാനവാസ്, കെ. ഗോപാലകൃഷ്ണപിള്ള, രമേശൻ പിള്ള, വേണു ജി. നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

