അഭിഭാഷകനെ മർദിച്ച സംഭവം; പൊലീസുകാരനെ സ്ഥലം മാറ്റി
text_fieldsകൊട്ടാരക്കര: വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽവെച്ച് കൊട്ടാരക്കര ബാർ അസോസിയേഷൻ സെക്രട്ടറി ആർ. അജിയെ മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ പൊലീസുകാരനെ സ്ഥലം മാറ്റി. കൊട്ടാരക്കര സി.പി.ഒ ആയിരുന്ന പി. വിശ്വനാഥനെയാണ് കുണ്ടറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഒരു കേസുമായി രാത്രി എത്തിയപ്പോൾ വിശ്വനാഥൻ അജിയെ മർദിച്ചെന്നാണ് പരാതി.
സംഭവത്തെതുടർന്ന് ശനിയാഴ്ച അഭിഭാഷകർ കോടതി ബഹിഷ്കരിച്ചശേഷം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത് സംഘർഷാവസ്ഥയിലേക്ക് നയിച്ചിരുന്നു.
തുടർന്ന് കൊല്ലം റൂറൽ എസ്.പിയുമായി നടന്ന ചർച്ചയിൽ അഭിഭാഷകനെ മർദിച്ച പൊലീസുകാരനെ മാറ്റണമെന്ന് കൊട്ടാരക്കര ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിൽ നടപടിയെടുക്കാത്തപക്ഷം തിങ്കളാഴ്ച വീണ്ടും സമരപരിപാടികൾ നടത്തുമെന്ന് അഭിഭാഷകർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സ്ഥലം മാറ്റിയത്.