പരിമിതികളുടെ നടുവിൽ കൊട്ടാരക്കര അഗ്നിരക്ഷ സേന ഓഫിസ്
text_fieldsകൊട്ടാരക്കര അഗ്നിരക്ഷാസേന ഓഫിസ്
കൊട്ടാരക്കര: പ്രവർത്തനം തുടങ്ങി 13 വർഷം പിന്നിടുമ്പോഴും കൊട്ടാരക്കര അഗ്നിരക്ഷ സേന ഓഫിസിന് പരിമിതികൾ മാത്രം. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽപോലും അധികൃതർ ശ്രദ്ധിക്കുന്നില്ല. ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവർക്ക് വിശ്രമത്തിനുള്ള സൗകര്യംപോലും ഇവിടെയില്ല.
2010ലാണ് കൊട്ടാരക്കരയിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സസ്യമാർക്കറ്റ് സ്റ്റേഷനായി അനുവദിക്കുകയായിരുന്നു. അന്നുണ്ടാക്കിയ താൽക്കാലിക സംവിധാനങ്ങളിലാണ് ഇന്നും പ്രവർത്തനം. സ്റ്റേഷൻ ഓഫിസർ, അസി.സ്റ്റേഷൻ ഓഫിസർ, നാല് എസ്.എഫ്.ആർ.ഒ, 15 എഫ്.ആർ.ഒ, ആറ് ഡ്രൈവർമാർ, ഏഴ് ഹോംഗാർഡ് എന്നിവരാണ് കൊട്ടാരക്കര അഗ്നിരക്ഷാസേന ഓഫിസിലുള്ളത്. രാവിലെ 8.45 ന് ഡ്യൂട്ടി തുടങ്ങുന്നവർക്ക് അടുത്ത ദിവസം രാവിലെ 8.45 കഴിഞ്ഞാണ് മടങ്ങാൻ കഴിയുക.
ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ഓഫിസ് ചുമതലകളും മറ്റും നിർവഹിക്കാനുമായി തട്ടിക്കൂട്ട് സംവിധാനങ്ങൾ മാത്രമാണുള്ളത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പഴയ കെട്ടിടത്തിലാണ് കൂടുതൽപേരും കൊടുംചൂട് സഹിച്ച് കഴിയുന്നത്.
ഇടയ്ക്ക് ഷീറ്റിന് മുകളിൽ ഓലയിട്ട് വെയിൽച്ചൂട് കുറയ്ക്കാൻ സംവിധാനം നോക്കിയിട്ടും ഫലമുണ്ടായില്ല.അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് കൊട്ടാരക്കര അഗ്നിരക്ഷാസേന ഓഫിസിന് ആംബുലൻസ് അനുവദിക്കണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുന്നില്ല.
ജീപ്പടക്കം അഞ്ച് വാഹനങ്ങൾ ഉള്ളതാണ് ആശ്വാസം. ഊടുവഴികളിൽക്കൂടി രക്ഷാപ്രവർത്തനങ്ങൾക്ക് പോകാൻ സംവിധാനമില്ല. ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്കൂബ ടീമില്ല. നിലവിൽ കൊല്ലത്തുനിന്നാണ് വരുത്തേണ്ടത്. വെള്ളത്തിന് നേരത്തേ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പരിഹാരമായിട്ടുണ്ട്.
അഗ്നിരക്ഷാസേന ഓഫിസിലേക്ക് വരുന്ന വഴിയും മോശമാണ്. അടിയന്തര ഘട്ടങ്ങളിൽ വാഹനം പുറത്തേക്കിറക്കുമ്പോൾ യാത്രാതടസ്സമുണ്ടാകും വിധത്തിലുള്ള ചെറിയ റോഡാണിവിടെയുള്ളത്. അവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
അഗ്നി രക്ഷാസേന ഓഫിസിന് കെ.ഐ.പി വക ഭൂമി അനുവദിക്കുമെന്ന് പറഞ്ഞിട്ട് നാളേറെയായി. നിലവിലുള്ള സംവിധാനങ്ങളിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലമെന്ന നിലയിൽ അടുത്ത ബജറ്റിലെങ്കിലും കൊട്ടാരക്കര അഗ്നിരക്ഷാസേന ഓഫിസ് ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനം.