കൊട്ടാരക്കര കോടതി: പാർക്കിങ്ങിന് എന്ത് ചെയ്യണം...?
text_fieldsകൊട്ടാരക്കര കോടതിക്ക് മുന്നിലെ അനധികൃത പാർക്കിങ്
കൊട്ടാരക്കര: തൃക്കണ്ണമംഗലിലെ കൊട്ടാരക്കര കോടതിക്ക് പാർക്കിങ് സൗകര്യമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വലിയ തിരക്കാണ് ഇവിടുത്തെ റോഡിൽ അനുഭവപ്പെടുന്നത്. പ്രതികളുമായി കോടതിയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരുന്നു.
അഭിഭാഷകരടക്കമുള്ളവരും വാഹനം റോഡിൽ പലയിടങ്ങളിലായി പാർക്ക് ചെയ്യാൻ നിർബന്ധിതരാവുന്നു. ഓയൂർ - കൊട്ടാരക്കര റോഡിലാണ് കോടതി സമുച്ചയം. ജില്ലയിലെ പ്രധാന കോടതികളിലൊന്നാണിത്. രണ്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ, സബ് കോടതി, അബ്കാരി കോടതി, പോക്സോ കോടതി, കുടുംബ കോടതി എന്നിവ ഇവിടെയുണ്ട്.
കോടതിയുടെ മുന്നിൽ വൻ തിരക്കാണ് പ്രവർത്തി ദിവസങ്ങളിൽ അനുഭവപ്പെടുക. കാറുകളും മറ്റു വാഹനങ്ങളും റോഡരുകിൽ പാർക്ക് ചെയ്തുന്നത് അപകടങ്ങൾക്കും കാരണമാവുന്നു. അടുത്തിടെ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്തെ റോഡിലെ വളവും അപകട സാധ്യത വർധിപ്പിക്കുന്നു.

