കൊട്ടാരക്കര: പൊതു വിപണിയിൽ അരിയുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മറിച്ചുവിൽപന എന്നിവ തടയുന്നതിനും താലൂക്ക് സപ്ലൈ ഓഫിസർ ജോൺ തോമസിന്റെ നേതൃത്വത്തിൽ പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകൾ ചേർന്ന് കൊട്ടാരക്കരയിലെ വിവിധ സ്ഥലങ്ങളിൽ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ആന്ധ്രയിൽനിന്നുള്ള അരി വരവ് കുറഞ്ഞതാണ് പൊതു വിപണിയിൽ അരിവില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ അറിയിച്ചു. മൊത്ത വ്യാപാരി പ്രതിനിധികളുമായി താലൂക്ക് സപ്ലൈ ഓഫിസർ സംസാരിച്ചതിൽ കുറഞ്ഞ വിലക്ക് നേരത്തേ സ്റ്റോക്ക് ചെയ്തിട്ടുള്ള ജയ അരി, കുറഞ്ഞ വിലയ്ക്ക് തന്നെ ഉപഭോക്താക്കൾക്ക് നൽകാമെന്ന് ധാരണയായി.
വിൽപനയിൽ ചെറിയ ലാഭം മാത്രമേ എടുക്കാവൂ എന്ന് താലൂക്ക് സപ്ലൈ ഓഫിസർ വ്യാപാരികൾക്ക് നിർദേശം നൽകി. ഒരു വ്യാപാരിക്ക് നോട്ടീസ് നൽകി. പരിശോധന രാവിലെ 9.40 ന് ആരംഭിച്ച് ഉച്ചക്ക് അവസാനിച്ചു. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. ലക്ഷ്മി നായർ, റേഷനിങ് ഇൻസ്പെക്ടർമാരായ എച്ച്. ഷമീം, എൽ. രശ്മി, എസ്. ദിവ്യ, ലീഗൽ മെട്രോളജി അസി. ഇൻസ്പെക്ടർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.