എഴുകോൺ റെയിൽവേ സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ
text_fieldsഎഴുകോൺ റെയിൽവേ സ്റ്റേഷൻ
കൊട്ടാരക്കര: എഴുകോൺ റെയിൽവേ സ്റ്റേഷനോട് വർഷങ്ങളായി മധുര ഡിവിഷൻ കാണിക്കുന്ന അവഗണന യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു.
ഇവിടെ പല ട്രെയിനുകൾക്കുമുണ്ടായിരുന്ന സ്റ്റോപ് ഇല്ലാതാക്കുകയും ഹാൾട്ട് സ്റ്റേഷനാക്കി മാറ്റാനുള്ള നീക്കത്തിലുമാണ് റെയിൽവേ. വരുമാനം കുറയുന്നെന്ന കാരണങ്ങളാണ് ഹാൾട്ട് ആക്കി മാറ്റുന്നതിനുള്ള കാരണമായി പറയുന്നത്. വണ്ടികൾക്ക് സ്റ്റോപ്പില്ലാതെ എങ്ങനെയാണ് വരുമാനം ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കോവിഡിന് മുമ്പ് പാലരുവി എക്സ്പ്രസ് ട്രെയിനിന് എഴുകോണിൽ സ്റ്റോപ്പുണ്ടായിരുന്നു. എഴുകോണിൽനിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള അമ്പതോളം വരുന്ന സ്ഥിരം യാത്രക്കാർക്കും കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള അതിരാവിലെയുള്ള കണക്ഷൻ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു ഈ സർവിസ്. കൂടാതെ ചെങ്കോട്ട, തിരുനെൽവേലി ഭാഗത്തേക്കും ഈ ട്രെയിനിന് യാത്രക്കാർ എഴുകോണിൽനിന്ന് ഉണ്ടായിരുന്നു. കോവിഡിനുശേഷം സ്പെഷൽ സർവിസായി പാലരുവി ആരംഭിച്ചപ്പോഴാണ് മധുര ഡിവിഷന് കീഴിലുള്ള സ്റ്റോപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
എഴുകോൺ സ്റ്റേഷനിലെ യാത്രക്കാർ നിലവിൽ ഈ വണ്ടിയിൽ യാത്രചെയ്യുന്നതിനുവേണ്ടി 250 രൂപ ഓട്ടോ ചാർജ് നൽകി കൊട്ടാരക്കരയിലോ കുണ്ടറയിലോ പോയി കയറേണ്ട അവസ്ഥയാണ്. മധുര ഡിവിഷന്റെ കീഴിലുള്ള സ്റ്റോപ്പുകൾ മാത്രമാണ് ഈ വണ്ടിക്ക് പുനഃസ്ഥാപിക്കാനുണ്ടായിരുന്നത്.
ഈ മാസം 11ന് കുണ്ടറ അടക്കമുള്ള സ്റ്റേഷനുകളിൽ പാലരുവിയുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. കൂടാതെ തമിഴ്നാട്ടിലെ പാവൂർച്ചത്രം, കീലകടയം തുടങ്ങിയ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. ടിക്കറ്റ്-കം-ക്ലർക്ക് ഇൻ ചാർജുള്ള ഫ്ലാഗ് സ്റ്റേഷനായ എഴുകോൺ സ്റ്റേഷനിൽ പാലരുവിക്ക് സ്റ്റോപ് പുനഃസ്ഥാപിച്ചില്ല. മധുര ഡിവിഷന് കീഴിൽ ഉയർന്ന വരുമാനം ലഭിക്കുന്ന ആദ്യ 50 സ്റ്റേഷനിൽ ഉൾപ്പെടുന്ന സ്റ്റേഷനാണ് എഴുകോണിലേത്. എഴുകോൺ, കരീപ്ര, പവിത്രേശ്വരം പഞ്ചായത്തിന്റെ പരിധിയിലുള്ള യാത്രക്കാർക്ക് ഗുണകരമായിരുന്നു ഈ ട്രെയിനിന്റെ എഴുകോൺ സ്റ്റോപ്പേജ്. ഇതുസംബന്ധിച്ചു റെയിൽവേ അധികൃതർക്കും കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പടെയുള്ളവർക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂല നിലപാട് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

