കൊട്ടാരക്കര നഗരസഭ മുൻ ചെയർമാൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി
text_fieldsകൊട്ടാരക്കര: നഗരസഭ മുൻ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് പുറമെ ചെയർമാനായിരുന്ന എ. ഷാജുവും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. എ. ഷാജുവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവാണ് കൊട്ടാരക്കര സി.ഐക്ക് പരാതി നൽകിയത്. 2020ൽ കൗൺസിലറായിരിക്കുമ്പോൾ എ. ഷാജു കെ.എം.എം.എല്ലിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയിൽനിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയതായാണ് പരാതി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
എ. ഷാജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുബിൻ ലക്ഷങ്ങൾ തട്ടിച്ച് മുങ്ങിയതായി ഏതാനും ദിവസം മുമ്പ് പൊലീസിന് പരാതി ലഭിച്ചിരുന്നു. സുബിൻ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ റൂറൽ എസ്.പി, കൊട്ടാരക്കര ഡിവൈ.എസ്.പി, സി.ഐ എന്നിവർക്ക് ലഭിച്ചിട്ടുണ്ട്. സുബിന് പണവും സ്വർണവും നൽകി വഞ്ചിതരായവരുടെ എണ്ണം പുറത്തറിയുന്നത് ഓരോ ദിനവും കൂടിവരികയാണ്. മൂന്ന് ലക്ഷത്തിന്റെ പരാതിയിൽ തുടങ്ങിയത് ഇപ്പോൾ ഒരു കോടിയോളം രൂപ പലരുടെ കൈയിൽനിന്ന് വാങ്ങി തട്ടിപ്പ് നടത്തിയെന്ന നിലയിലേക്കെത്തിയതായാണ് വിവരം.
കിളികൊല്ലൂർ സ്വദേശിയായ സുബിനെ കാണാതായതായി കാട്ടി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഈ മാസം മൂന്നിന് വീട്ടുകാർ പരാതി നൽകിയിരുന്നു. എ. ഷാജുവിന്റെ ബന്ധു, നഗരസഭ ജീവനക്കാർ, കൊട്ടാരക്കര മേഖലയിലുള്ളവർ എന്നിവരുടെ കൈയിൽനിന്ന് പണവും സ്വർണവും സുബിൻ വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയർമാനായിരുന്ന എ. ഷാജുവിനെതിരെ തന്നെ പരാതിയുയരുന്നത്.

