സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച 12 പേർക്കെതിരെ കേസ്
text_fieldsകൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവത്തിൽ ജനപ്രതിനിധികളും ആശുപ്രതി ജീവനക്കാരും പ്രതിഷേധയോഗം ചേർന്നപ്പോൾ
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഏഴ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പവിജയും ഭർത്താവും ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി മുൻ അംഗവുമായ സുമേഷും ഉൾപ്പെടെ കണ്ടാലറിയുന്ന 12 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടാരക്കര പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി 11 ഓടെ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ഗോപകുമാർ, ബോബി മാത്യു, സുരേഷ്, പ്രദീപ്, ബൈജു, റെജീബ്, ഷിനുരാജ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
സുമേഷിന്റെ അമ്മയാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കണ്ട് ബന്ധുവായ ഒരാൾ വാർഡിലെ ശൗചാലയത്തിൽ ഒളിഞ്ഞിരുന്നു. ഇത് സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തു. പറഞ്ഞിട്ടും വാർഡിൽ നിന്ന് പോകാൻ ബന്ധു കൂട്ടാക്കിയില്ല. ഇയാൾ മൊബൈൽ ഫോണിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിഡിയോയെടുത്തു.
വൈകീട്ട് ഒമ്പത് കഴിഞ്ഞാൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാർ നിൽക്കാൻ പാടില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഇത് തർക്കമായി. ബന്ധു താഴെ ഇറങ്ങി കൗൺസിലർ പവിജയെ ഫോണിൽ വിളിച്ചു.
പവിജയും ഭർത്താവ് സുമേഷും സംഘവും ആശുപത്രിയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയായിരുന്നു. രാത്രി രണ്ടു വരെ അക്രമം തുടർന്നു. ആശുപത്രിയിലെ എയ്ഡ് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ പവിജയും ഭർത്താവ് സുമേഷും അടക്കം 12 പേരും ഒളിവിൽ പോയി. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സെക്യൂരിറ്റി ജീവനക്കാരും ജനപ്രതിനിധികളും താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു.

