താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി; വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsകൊട്ടാരക്കര: താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്കായി ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. നീലേശ്വരം കാടാംകുളം സ്വദേശികളായ ഇരട്ടക്കുട്ടികളുടെ ലിംഗാഗ്രചർമ ശസ്ത്രക്രിയക്ക് രണ്ട് ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
കുട്ടികളുടെ ശസ്ത്രക്രിയ നിർദേശിച്ച ഡോക്ടർ വീട്ടിലെത്തി തന്നെക്കാണാൻ രക്ഷകർത്താക്കളോട് നിർദേശിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ പണം ചോദിച്ചുവാങ്ങി. ശസ്ത്രക്രിയക്ക് മുമ്പ് അനസ്േതഷ്യ നൽകാനായി കുട്ടികളെ എത്തിച്ചപ്പോഴാണ് രണ്ടാമത്തെ ഡോക്ടർ പണം ആവശ്യപ്പെട്ടത്.
ശസ്ത്രക്രിയ വൈകിക്കുകയും മുൻകൂറായി പണം നൽകാത്തതിന് ഡോക്ടർ ശകാരിക്കുകയും ചെയ്തെന്ന് രക്ഷകർത്താക്കൾ പറയുന്നു. കുട്ടികളുടെ മുറിവ് പഴുത്തതോടെയാണ് ഇവർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.
മുൻകൂട്ടി പണം നൽകാത്തവരുടെ ശസ്ത്രക്രിയ മണിക്കൂറുകളോളം വൈകിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. പത്തുവയസ്സുകാരായ രണ്ട് കുട്ടികൾക്ക് ശസ്ത്രക്രിയക്കായി രണ്ട് ഡോക്ടർമാർ വാങ്ങിയത് 3500 രൂപയാണെന്ന് രക്ഷാകർത്താക്കൾ പറയുന്നു.