മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ യുവാവ് പിടിയിൽ
text_fieldsകൊട്ടാരക്കര: പുത്തൂർ ബഥനി ജങ്ഷനിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയിലായി. ആനക്കോട്ടൂർ തലാപ്പിൽ വീട്ടിൽ സുബീഷാണ് (26) പുത്തൂർ പൊലീസിന്റെ പിടിയിലായത്. 7.94 ഗ്രാം തൂക്കം വരുന്ന വള പണയംവെച്ച് 34,000 രൂപ കൈപ്പറ്റിയെന്നാണ് കേസ്. കഴിഞ്ഞ മാർച്ച് 11നായിരുന്നു സംഭവം.
ഉരുപ്പടിയിൽ 916 എന്ന രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് സുബീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ പുത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആളെ കാണാതായതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് സുബീഷിനെക്കുറിച്ച് വിവരം ലഭിച്ച് അറസ്റ്റ് ചെയ്തത്.
പുത്തൂർ എസ്.ഐ ബാലു ബി. നായരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ കെ. സന്തോഷ്, ബി. സന്തോഷ്, സി.പി.ഒ ബിനിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

