കൊല്ലം വാട്ടര്‍ മെട്രോ; വിദഗ്ധ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു
text_fieldsഅഷ്ടമുടി കായലിൽ വാട്ടർ മെട്രോ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം
കൊല്ലം: അഷ്ടമുടിക്കായല്‍ ഗതാഗത പാത വിപുലീകരണത്തിന് സഹായകമാകുന്ന അഷ്ടമുടി മെട്രോപദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിദഗ്ധ സംഘം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ സാധ്യതകള്‍ സംബന്ധിച്ച വിലിയിരുത്തല്‍. ഗതാഗത വിപുലീകരണത്തോടൊപ്പം വിനോദസഞ്ചാര സാധ്യകള്‍ക്ക് മുതല്‍ക്കൂട്ടാകും പുതുപദ്ധതിയെന്ന് മേയര്‍ വ്യക്തമാക്കി.
കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് ഇവിടെയും സംവിധാനങ്ങള്‍ ഒരുക്കുക. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാകും നിര്‍മാണം. മെട്രോയോടൊപ്പം, ടെര്‍മിനലുകള്‍ ബോട്ട് യാര്‍ഡുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ കാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്ട്രോള് സിസ്റ്റം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. വാട്ടര്‍ മെട്രോ സാധ്യമാകുന്നതിലൂടെ പ്രദേശത്തെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്താനുമാകും.
വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനരീതിയും ഉപയോഗിക്കേണ്ട നവീന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ചും വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദനന്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സാജന് പി. ജോണ്‍ എന്നിവര്‍ മേയറുമായി നടത്തിയ ചര്‍ച്ചയില്‍ വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൊല്ലം കോര്പറേഷന് സ്ഥിരസമിതി അധ്യക്ഷരായ എസ്. ജയന്, ഗീതാ കുമാരി, യു. പവിത്ര, ഹണി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

