കൊല്ലം–തേനി ദേശീയപാത; നിർമാണം ദേശീയപാത അതോറിറ്റി ഏറ്റെടുത്തു
text_fieldsകൊല്ലം: കൊല്ലം-തേനി ദേശീയപാത (എൻ.എച്ച്-183) വികസന പ്രവൃത്തികൾ ദേശീയപാത അതോറിറ്റി നേരിട്ട് നടത്തും. ഇതുവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ദേശീയപാത നാലുവരിയിൽ വികസിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നത്.
കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഉൾപ്പെടുന്ന പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ഉൾക്കൊള്ളിച്ചുള്ള വികസന, പരിപാലന പ്രവൃത്തിൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നേരിട്ട് ഏറ്റെടുത്ത് ഉത്തരവ് പുറത്തിറങ്ങിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ദേശീയപാത അതോറിറ്റി നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപന, ഉയർന്ന സാങ്കേതിക നിലവാരം, മതിയായ ഫണ്ടിങ്, സമയബന്ധിത നിർവഹണം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം, ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചുകൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന് എം.പി പറഞ്ഞു. പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്ന വിധത്തിൽ, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധികൾ, ജില്ല ഭരണകൂടങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവ തമ്മിലുള്ള ഫലപ്രദമായ ഏകോപനം ഉറപ്പാക്കണമെന്നും പ്രവൃത്തികൾ അനാവശ്യ വൈകലുകളില്ലാതെ ആരംഭിച്ച് പൂർത്തിയാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

