കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഇന്നു ശിലപാകും
text_fieldsകൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലുള്ള വേൾഡ് ക്ലാസ് എ സൗകര്യങ്ങളിലേക്ക് കൊല്ലം റെയില്വേസ്റ്റേഷന് വികസിപ്പിക്കുന്ന സമഗ്ര വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നിർവഹിക്കും. വൈദ്യുതീകരിച്ച കൊല്ലം -പുനലൂര്‍ പാതയും രാജ്യത്തിന് സമര്‍പ്പിക്കും. വൈകിട്ട് ആറിന് എറണാകുളത്തുനിന്നും ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടനചടങ്ങ് കാണുന്നതിനായി കൊല്ലം റെയില്‍വേസ്റ്റേഷനില്‍ പ്രത്യേക പവിലിയന് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചു മുതല്‍ ഉദ്ഘാടനചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.
റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം. മുകേഷ്, പി.എസ്. സുപാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ എന്നിവർ പങ്കെടുക്കും.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവളത്തിന് സമാനമായ വേള്‍ഡ് ക്ലാസ്-എ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ 361.17 കോടി രൂപയുടെ അത്യാധുനിക നിർമാണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഘട്ടംഘട്ടമായി പൊളിച്ചുമാറ്റേണ്ട നിർമിതകളെക്കുറിച്ചും നിർമാണം പൂര്‍ത്തിയാക്കേണ്ടത് സംബന്ധിച്ചും സമയം നിശ്ചയിച്ച് റെയില്‍വേ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ഓരോ നിർമാണവും പൊളിച്ചു മാറ്റുന്നതിനും അവിടെ പുതിയ നിർമാണം പൂര്‍ത്തിയാക്കുന്നതിനും സമയം നിശ്ചയിച്ചുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാനോടുകൂടിയാണ് നിർമാണമാരംഭിക്കുന്നത്. അതിമനോഹരമായ അത്യാധുനിക രീതിയിലുള്ള റെയില്‍വേ സ്റ്റേഷന്റെ എല്ലാ സൗകര്യങ്ങളും സ്റ്റേഷനകത്തും പുറത്തും ഒരുക്കുന്നതിന് ഹരിത പ്രോട്ടോകോള്‍ അനുസരിച്ച് ഗൃഹ-3 നിലവാരത്തില്‍ അതിഗുണമേന്മയുള്ള നിർമാണ സാമഗ്രിഹികള്‍ ഉപയോഗിച്ച് അത്യാധുനിക രീതിയില്‍ എല്ലാ നിർമാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനുള്ള സമഗ്രമായ നിർമാണ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയത് 43.44 കോടി രൂപ ഉപയോഗിച്ചാണ്. ആകെ ട്രാക്ക് ദൈര്‍ഘ്യം 50 കി.മീറ്ററുള്ള പാതയിൽ 44 കി.മീ ദൂരമാണ് വൈദ്യുതീകരിച്ചത്. 2019 ഏപ്രില്‍ 24ന് ആണ് എസ്റ്റിമേറ്റ് അനുവദിച്ചത്. 2019 ജൂണ്‍ ആറിന് നിർമാണം ആരംഭിക്കുന്നതിനുള്ള അധികാരപത്രം നല്കി. ഒമ്പതു മാസംകൊണ്ടാണ് വൈദ്യുതീകരണം പൂര്‍ത്തിയായപ്പോൾ കഴിഞ്ഞ മാര്‍ച്ച് 22ന് കമീഷന് ഓഫ് റെയില്‍വേ സേഫ്റ്റി പരിശോധന നടത്തി സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്കി. അഞ്ച് ബ്ലോക്ക് സ്റ്റേഷനുകളും നാല് ഹാള്‍ട്ട് സ്റ്റേഷനുമുള്‍പ്പെടെ ഒമ്പത് സ്റ്റേഷനുകളുള്ള ലൈനാണ് വൈദ്യുതീകരിച്ചത്. മൂന്നു വലിയ പാലങ്ങളും 10 റോഡ് മേൽപാലങ്ങളും അഞ്ച് മേല്‍നടപ്പാതകളും ലൈനിലുണ്ട്.
പുനലൂര്‍-ചെങ്കോട്ട വൈദ്യുതീകരണം 2023 ജൂണില്‍ പൂര്‍ത്തീകരിക്കും. 61.32 കോടി രൂപയുടെ പദ്ധതിയാണ്. വൈദ്യുതീകരണത്തിലൂടെ ട്രാക്കിലെ ട്രാക്ഷന്‍ ചെയ്ഞ്ച് ഒഴിവാക്കാനും വേഗത്തില്‍ ഗതാഗതം നടത്തി സമയം ലാഭിക്കാനും കഴിയും. റെയില്‍വേ ലൈന്‍ പൂര്‍ണമായും വൈദ്യുതീകരിച്ചാല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വിസ്റ്റോഡാം കോച്ചുകള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി വിനോദ സഞ്ചാരം ഉള്‍പ്പെടെ ഉറപ്പുവരുത്തുവാനും കഴിയും.
കൊല്ലത്തെ റെയില്‍വേ വികസനം സാധ്യമാക്കുന്നതിന് സഹായമായ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാറിനെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും നിലപാട് അഭിനന്ദാര്‍ഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

