ജില്ലയിൽ ക്ഷയരോഗമുക്തിയിൽ നേട്ടവുമായി ഒമ്പത് പഞ്ചായത്തുകൾ
text_fieldsക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്കാരം മന്ത്രി ബിന്ദു കൃഷ്ണ വിതരണം ചെയ്യുന്നു
കൊല്ലം: ക്ഷയരോഗ നിർമാർജന രംഗത്ത് മികച്ച നേട്ടവുമായി ജില്ലയിൽ ഒമ്പത് പഞ്ചായത്തുകൾ. ചിതറ, നിലമേൽ, നീണ്ടകര, കുണ്ടറ, പേരയം, പൂതക്കുളം, മയ്യനാട്, ക്ലാപ്പന, ശൂരനാട് എന്നീ പഞ്ചായത്തുകളാണ് ക്ഷയരോഗമുക്ത നേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ ഏജൻസികളുടെ ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്.
പഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗനിവാരണ രംഗത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു. ക്ഷയരോഗത്തിനെതിരെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ നമുക്ക് സാധിച്ചു. പുതിയ വൈറസുകളും പകർച്ചവ്യാധികളും രാസലഹരി പോലുള്ള സാമൂഹിക വെല്ലുവിളികളും ഉയർന്നുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം വെല്ലുവിളികളെ നേരിടാൻ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷയരോഗ നിർമാർജന രംഗത്ത് മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.എൽ. ഷീജ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. അഗസ്റ്റസ് മോറിസ്, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. ബിജു നെൽസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

