നബിദിനം, തിരുവോണം, അയ്യൻകാളി ജയന്തി, ചതയദിനം; ആഘോഷനിറവിൽ നാട്
text_fieldsഓണം വാരാഘോഷ ഭാഗമായി മലമേൽ ഡി.ടി.പി.സി കേന്ദ്രത്തിൽ താമരക്കുടി ഹരിചന്ദന അവതരിപ്പിച്ച ഓട്ടൻതുള്ളൽ
കൊല്ലം: നബിദിനവും തിരുവോണവും അയ്യൻകാളി ജയന്തിയും ചതയദിനവുമെല്ലാം ചേർന്നെത്തിയതോടെ നാട് ആഘോഷമാക്കി. നബിദിനവും തിരുവോണവും വിവിധ പരിപാടികളോടെ ആഘോഷിക്കുന്ന തിരക്കിലായിരുന്നു വാരാദ്യ ദിനങ്ങൾ കടന്നുപോയത്. വ്യാഴാഴ്ച അവിട്ടം നാൾ ദിനത്തിൽ അയ്യൻകാളി ജന്മദിനാഘോഷങ്ങളിലായി നാട്.
തീയതി കണക്കിൽ വെള്ളിയാഴ്ചയാണ് അയ്യൻകാളിയുടെ പിറന്നാൾ വരുന്നതെങ്കിൽ ജന്മനക്ഷത്രം അനുസരിച്ചുള്ള ജയന്തി ആഘോഷ ഭാഗമായി വിവിധ കെ.പി.എം.എസ് യൂനിറ്റുകളും ദലിത് സംഘടനകളും കഴിഞ്ഞ ദിവസം തന്നെ പരിപാടികൾ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയും ജയന്തി ആഘോഷപരിപാടികൾ നടക്കും.
വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിലേക്കാണ് നാടുണരുന്നത്. ചതയദിനാഘോഷത്തിനായുള്ള ഒരുക്കം എസ്.എൻ.ഡി.പി യോഗം ശാഖകളുടെ നേതൃത്വത്തിൽ പൂർത്തിയായി. വെള്ളിയാഴ്ച താലൂക്ക് യൂനിയനുകളുടെ നേതൃത്വത്തിൽ ഘോഷയാത്ര ഉൾപ്പെടെ പരിപാടികൾ നടക്കും.
വൈകീട്ട് എസ്.എൻ.ഡി.പി യോഗം കൊല്ലം താലൂക്ക് യൂനിയൻ ആഭിമുഖ്യത്തിൽ നഗരത്തിൽ കൊല്ലം ശങ്കേഴ്സ് ആശുപത്രി മുതൽ എസ്.എൻ കോളജ് വരെ നീളുന്ന വിപുലമായ ഘോഷയാത്ര പീതക്കടലൊരുക്കും. ഇതിനകം നഗരമാകെ ആഘോഷത്തെ വരവേൽക്കാനുള്ള അലങ്കാരങ്ങൾ നിറഞ്ഞുകഴിഞ്ഞു.
ചതയദിനാഘോഷ ഭാഗമായി കരുനാഗപ്പള്ളി കന്നേറ്റി കായലിൽ ജലോത്സവവും ആവേശമുയർത്തും. ഉച്ചക്ക് രണ്ട് മുതലാണ് ശ്രീനാരായണ ഗുരു ട്രോഫിക്ക് വേണ്ടിയുള്ള 86ാമത് വള്ളംകളി ആഘോഷം കന്നേറ്റിയിൽ ആരംഭിക്കുന്നത്. മന്ത്രിമാരായ ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം. ലിജു എന്നിവർ പങ്കെടുക്കും. ചതയദിനാഘോഷമായതിനാൽ ഡി.ടി.പി.സിയുടെ ഓണാഘോഷപരിപാടി പ്രധാന വേദിയായ കൊല്ലം ബീച്ചിൽ വെള്ളിയാഴ്ച ഉണ്ടാകില്ല. ആശ്രാമം ചിൽഡ്രൻസ് പാർക്ക് നീലാംബരി ഓഡിറ്റോറിയത്തിൽ രണ്ട് പരിപാടികൾ ഉണ്ടാകും. ആനയടി രാകേഷിന്റെ സംഗീത കച്ചേരിയും തുടർന്ന് സി.പി. ഗായത്രി നയിക്കുന്ന ഗാനമേളയുമാണ് ഈ വേദിയിൽ നടക്കുന്നത്. വൈകിട്ട് 6.30ന് ആരംഭിക്കും.
തിരുമുല്ലവാരത്ത് എത്തിയാൽ ആശ്രാമം ഉണ്ണികൃഷ്ണൻ നയിക്കുന്ന ഗാനമേള ആസ്വദിക്കാനാകും. സാമ്പ്രാണിക്കോടി ടെർമിനൽ ഒന്നിൽ അനിൽ ഏകലവ്യയുടെ മധുരിത ഗാനഗസലുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

