ട്രെയിൻ ഗതാഗതരംഗത്ത് കൊല്ലത്ത് വൻ മുന്നേറ്റം -പ്രേമചന്ദ്രൻ എം.പി
text_fieldsകൊല്ലം: കൊല്ലം കേന്ദ്രീകരിച്ച് റെയിൽ ഗതാഗതരംഗത്ത് അഭിമാനകരമായ നേട്ടമാണ് സമീപ ദിവസങ്ങളിൽ ഉണ്ടായതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ യാത്രസൗകര്യം ഉറപ്പാക്കുന്നതിനായി നാല് പുതിയ ട്രെയിൻ സർവിസുകൾ ആരംഭിച്ചതിലൂടെ കൊല്ലത്തെ യാത്രക്കാരുടെ ദീർഘകാലമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. വേളാങ്കണ്ണിയിലേക്കുള്ള സ്പെഷൽ ട്രെയിൻ സ്ഥിരം സർവിസ് ആക്കണമെന്ന ആവശ്യം റെയിൽവേ ബോർഡ് അംഗീകരിച്ചു.
തിരുപ്പതി തീർഥാടനത്തിന് സൗകര്യപ്രദമായ സർവിസാണ് കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കുള്ള പുതിയ ട്രെയിൻ. തിരുനെൽവേലി - പാലരുവി എക്സ്പ്രസ് തുത്തുക്കുടിയിലേക്ക് ദീർഘിപ്പിച്ചത് ഈ മാസം അവസാനത്തോടെ നടപ്പാകും.
ഗുരുവായൂർ - പുനലൂർ, കൊല്ലം-ചെങ്കോട്ട, ചെങ്കോട്ട - മധുര എന്നീ മൂന്ന് ട്രെയിനുകളെ സംയോജിപ്പിച്ചാണ് ഗുരുവായൂർ - മധുര ട്രെയിൻ സർവിസിന് അനുമതി നൽകിയത്. ഇത് ഞായറാഴ്ചമുതൽ ആരംഭിക്കും. കൊല്ലം ലോക്സഭ മണ്ഡലത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ കോവിഡിനെതുടർന്ന് റദ്ദാക്കിയവ പുനഃസ്ഥാപിക്കാമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. ആദ്യഘട്ടം തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസിന് കുണ്ടറയും ചെന്നൈ- എഗ്മൂർ -ഗുരുവായൂർ -ചെന്നൈ -എഗ്മൂർ എക്സ്പ്രസിന് ആര്യങ്കാവിലും രണ്ടാം ഘട്ടമായി ചെന്നൈ -എഗ്മൂർ -ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസിന് പരവൂരിലും തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസിന് തെന്മലയിലും സ്റ്റോപ്പ് അനുവദിച്ചു. അവശേഷിക്കുന്ന സ്റ്റോപ്പുകളും പരിഗണിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

